Film

നടിയെ അക്രമിച്ച കേസില്‍ കൂറുമാറിയവര്‍ക്കെതിരെ നടിമാര്‍

By web desk 1

September 18, 2020

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവര്‍ക്കെതിരെ നടിമാര്‍. നടിമാരായ രേവതി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് രംഗത്തെത്തിയത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ് നടിമാരുടെ പ്രതികരണം.

സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രേവതിയുടെ കുറിപ്പ് വായിക്കാം

സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ വിഷമമുണ്ട്. ഒരുപാട് വര്‍ഷങ്ങളില്‍ നിരവധി പ്രോജക്ടുകള്‍ ചെയ്തു. എന്നാല്‍ ഒരു സ്ത്രീക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരും പിറകോട്ടു പോകും. സൗഹൃദത്തിന്റെയും ഒപ്പം ജോലി ചെയ്തതിന്റെയും ഓര്‍മകളില്ല. 2017ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിന്‍വലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ധിഖും ഭാമയും. സിദ്ധിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ??? സുഹൃത്തും വിശ്വസ്തയുമായിരുന്ന അവര്‍ സംഭവം നടന്നയുടനെ പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുന്നു. ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തത്. അവളോടൊപ്പം ഇപ്പോഴും കൂടെയുള്ള ആള്‍ക്കാരെ ഓര്‍മിപ്പിക്കാന്‍.