കൊച്ചി: തിയറ്ററുകളില്‍ മികച്ച കലക്ഷനുമായി കുതിക്കുന്ന ആദം ജോണ്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജിനു എബ്രഹാം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനക്ക് ആദ്യം തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് ജിനു പറഞ്ഞു. കപ്പ ചാനലിന് ഭാവനയും ജിനു എബ്രഹാമും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ജിനു വ്യക്തമാക്കിയത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശ്വേതയെ നടി ഭാവന തന്നെ അവതരിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. സിനിമയുടെ കഥയുമായി സമീപിക്കുമ്പോഴൊന്നും ഭാവന താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഹണി ബി ടൂവിന് ശേഷം തല്‍ക്കാലം സിനിമകള്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു തീരുമാനത്തിലായിരുന്നു ഭാവന. പിന്നീട് നടന്‍ പൃഥ്വിരാജും കൃഷ്ണപ്രഭയും ഒരുപാട് നിര്‍ബന്ധിച്ച ശേഷമാണ് നായികയാവാന്‍ ഭാവന സമ്മതിച്ചതെന്ന് ജിനു എബ്രഹാം പറഞ്ഞു.
‘സ്‌കോട്‌ലാന്റിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണം ആരംഭിച്ച് പല സമയങ്ങളിലും താന്‍ സിനിമ നിര്‍ത്തി തിരിച്ചുപോകുകയാണെന്ന് ഭാവന പറയുമായിരുന്നു. ഒരു സീനിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ഭാവന അതു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. സിനിമ ചിത്രീകരണ വേളയില്‍ ഉടനീളം എന്നെ അക്കാര്യം അലട്ടികൊണ്ടിരുന്നു. അമ്പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപോയി. ശരിക്കും തകര്‍ന്നു പോയി. ഞങ്ങളുടെ സംസാരം പൃഥ്വിരാജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനക്ക് കഥാപാത്രമാകാന്‍ പറ്റുന്നില്ല എന്നാണ് അന്ന് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധി തിരിച്ചറിഞ്ഞ ഭാവന പിന്നീട് തിരികെ പോകണമെന്ന് പറഞ്ഞിട്ടില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്.’-ജിനു എബ്രഹാം പറയുന്നു.