kerala

എഡിഎമ്മിന്റെ മരണം: പി പി ദിവ്യയയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

By webdesk17

October 21, 2024

എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് കടക്കും.

എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും പി പി ദിവ്യ പറഞ്ഞു. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും അറസ്റ്റ് തടയണമെന്നും ജാമ്യാപേക്ഷയിലുണ്ട്.

ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത് എന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകള്‍. എന്നാല്‍ കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിന് വന്നതെന്നാണ് ഹര്‍ജിയില്‍ ദിവ്യ പറഞ്ഞിട്ടുള്ളത്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയുടെ അഴിമതി ആരോപണത്തിനു പിന്നാലെയായിരുന്നു മരണം. സംഭവത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.