അഡ്വ. അഹമദ് മാണിയൂര്‍

ഇന്ത്യയിലെ പീഡിത ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനെ നട്ടുവളര്‍ത്തി ഒരു വടവൃക്ഷമായി പന്തലിപ്പിച്ചാണ് സ്ഥാപക പ്രസിഡണ്ട് ഖാഇദേ മുഹമ്മദ് ഇസ്മായില്‍ സാഹിബ് വിടവാങ്ങിയത്. പകുതി രാഷ്ട്രീയവും പകുതി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഒരു സമ്പൂര്‍ണ്ണ മതേതര ജനാധിപത്യ ന്യൂനപക്ഷ കൂട്ടായ്മയായിരുന്നു ഖാഇദേ മില്ലത്തിന്റെ സ്വപ്‌നം. സ്വാതന്ത്ര്യ പുലരിയുടെ ഹര്‍ഷോന്മാദങ്ങള്‍ക്കിടയിലും വടക്കെ ഇന്ത്യന്‍ തെരുവുകളിലും ഗ്രാമപാതകളിലും തളംകെട്ടിനിന്ന മനുഷ്യരക്തത്തിന്റെ ചെന്തിപ്പൂകളില്‍നിന്നായിരുന്നു പാര്‍ട്ടിയുടെ ജനനം. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1947 ആഗസ്ത് 15 ന് ഭരണകൈമാറ്റവും വിഭജനവും തീരുമാനിക്കപ്പെട്ടതു മുതല്‍ വടക്കെ ഇന്ത്യയില്‍ വര്‍ഗീയാഗ്നി ആളിക്കത്തുകയായിരുന്നു. മുസ്‌ലിംകളെ ഇന്ത്യാവിരുദ്ധരും വിഭജനവാദികളുമായി മുദ്രയടിച്ച് വര്‍ഗീയവൈരം വ്യാപിപ്പിക്കുന്നതില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ വിജയിച്ചു. വടക്കെ ഇന്ത്യ മുഴുവന്‍ മൂന്നുമാസക്കാലം കലാപം നീണ്ടു. അവിഭക്ത ഇന്ത്യയില്‍ സര്‍വയിടങ്ങളിലും ശക്തമായ വേരുകളുണ്ടായിരുന്ന ഒരു മുസ്‌ലിം ശാക്തികചേരിയായിരുന്നു സര്‍വേന്ത്യാ മുസ്‌ലിംലീഗ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ ഗാന്ധിജിക്കും കോണ്‍ഗ്രസിനും ഒപ്പം നിന്ന് സ്വാതന്ത്ര്യസമരങ്ങളില്‍ മുഖ്യപങ്കാളികളായി. സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും കടന്നുവന്നു.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായി. അസംഘടിതരും അനാഥരും അരക്ഷിതരുമായി. നിരന്തരം കലാപങ്ങളരങ്ങേറി. പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലവി ലിഖാഉള്ള ഗാന്ധിജിയെ സമീപിച്ച് ചോദിച്ചു, ‘രാജ്യത്തിന് വേണ്ടി മറ്റാരേയുംപോലെ രക്തവും ജീവനും നല്‍കിയവരാണ് മുസ്‌ലിംകള്‍. അവര്‍ വേട്ടയാടപ്പെടുന്നു. എന്തുതെറ്റാണ് അവര്‍ ചെയ്തത്.’ ഗദ്ഗദചിത്തനായി ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു. ‘മുസ്‌ലിംകളായിപ്പോയി എന്നതുമാത്രം’. മുസ്‌ലിംകള്‍ അന്ന് അനുഭവിച്ച സാമൂഹിക രാഷ്ട്രീയ കയ്യേറ്റങ്ങളുടെ ഒരു മുഴുവന്‍ ചിത്രം ഗാന്ധിജിയുടെ മറുപടിയിലുണ്ടായിരുന്നു.
ദുരിതപൂര്‍ണമായ ആ കാലാവസ്ഥയില്‍ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന് ആത്മവിശ്വാസം പകരാനും പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ഒത്തിണക്കി നിര്‍ത്തി സുരക്ഷിതത്വബോധം ഉളവാക്കാനും ബഹുമുഖമായ പുരോയാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വേണ്ടി 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്‌ലിം നേതാവും പണ്ഡിതനുമായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പഴയ സര്‍വേന്ത്യാ ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന വടക്കെ ഇന്ത്യന്‍ പ്രദേശങ്ങളില്‍നിന്നുള്ള പങ്കാളിത്തം ഈ യോഗത്തില്‍ താരതമ്യേന കുറവായിരുന്നു. അവിടെ മുസ്‌ലിംകള്‍ പുറത്തിറങ്ങാന്‍പോലും ഭയപ്പെട്ട കാലമായിരുന്നുവല്ലോ. കെ.എം സീതിസാഹിബിന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
മുസ്‌ലിംകളടക്കമുള്ള എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന മതേതരത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ ഒരു സ്വത്വ രാഷ്ട്രീയപ്രസ്ഥാനം വേണമെന്നായിരുന്നു സമ്മേളനത്തിന്റെ പൊതുവായ അഭിപ്രായം. ആ സമ്മേളനത്തില്‍ വെച്ചുതന്നെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുകയും മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രഥമ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മതേതര മൂല്യങ്ങളും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയില്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. സ്വതന്ത്ര ഇന്ത്യയിലെ മാറിവന്ന സാമൂഹിക രാഷ്ട്രീയഭൂമികയില്‍ രാഷ്ട്രീയത്തില്‍ നിന്ന് അന്യം നിന്നുകൊണ്ടുള്ള ഒരു നീക്കവും ലക്ഷ്യപ്രാപ്തി നല്‍കില്ലെന്ന് അദ്ദേഹം ഉപദേശിച്ചു. കാല്‍ നൂറ്റാണ്ടോളം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റായി ആ വഴികളിലൂടെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. സമൂഹത്തിന്റെ നായകന്‍ (ഖാഇദേമില്ലത്ത്) എന്ന ബഹുമതി നാമം ചേര്‍ത്താണ് കക്ഷിഭേദമന്യെ എല്ലാവരും അദ്ദേഹത്തെ വിളിച്ചത്.
ഖാഇദെമില്ലത്തിന്റെ നേതൃത്വത്തില്‍ വളരെ പെട്ടെന്നുതന്നെ പാര്‍ട്ടിക്ക് രാജ്യത്തെങ്ങും വേരോട്ടം ലഭിച്ചു. സ്വാതന്ത്ര്യാനന്തരം 1952 ല്‍ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ മദ്രാസ് നിയമസഭയിലേക്ക് മലബാറില്‍ നിന്ന് അഞ്ചു അംഗങ്ങളെ തിരഞ്ഞെടുത്തയക്കാന്‍ മുസ്‌ലിംലീഗിന് സാധിച്ചു. അതില്‍ ഒന്ന് ദലിത് സംവരണവും ആയിരുന്നു. സംസ്ഥാനരൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കേരള നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായി. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രാതിനിധ്യവും തുടരുന്നു. കോണ്‍ഗ്രസ്- പിഎസ്സ്പി സഖ്യത്തില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട 1960 ല്‍ കെ.എം. സീതിസാഹിബ് നിയമസഭാ സ്പീക്കര്‍ ആയതുമുതല്‍ ചില ഇടവേളകളില്‍ ഒഴിച്ച് കേരളത്തില്‍ ഭരണപങ്കാളിത്തവും വഹിച്ചുവരുന്നു. അറുപതുകളുടെ അവസാനത്തില്‍ പശ്ചിമബംഗാളിലും മുസ്‌ലിംലീഗിന് മന്ത്രി സഭാ പ്രാതിനിധ്യമുണ്ടായി. വിവിധ സംസ്ഥാന നിയമസഭകളില്‍ എം.എല്‍.എമാര്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍, ത്രിതല പഞ്ചായത്ത് ഭരണസാരഥ്യം എന്നിങ്ങനെ മുസ്‌ലിംലീഗ് പ്രതിനിധീകരിച്ചു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ രണ്ടുതവണയും കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിംലീഗ് നേതാവ് അംഗമായി.
സ്ഥാപക നേതാവ് ഖാഇദേമില്ലത്ത് കാണിച്ച പാതയിലൂടെ തന്നെ പാര്‍ട്ടി മുന്നേറുന്നുവെന്നത് മുസ്‌ലിംലീഗിനെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ജനസേവനരംഗത്തും മുസ്‌ലിംലീഗിനെ വെല്ലുന്ന മറ്റൊരു പ്രസ്ഥാനം ഇല്ലെന്നതാണ് സത്യം. കേരളത്തിലും തമിഴ്‌നാട്ടിലുമായി മുസ്‌ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ട് വനിതകളുടെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പാര്‍ട്ടി വഹിച്ച പങ്ക് എതിരാളികള്‍പോലും പ്രശംസിക്കുന്നവയാണ്.
ആതുരശുശ്രൂഷാരംഗത്തും അനിതരമായ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. നിരാലംബരായ രോഗികള്‍ക്കു സാന്ത്വനമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളജുകളോടും കാന്‍സര്‍ സെന്ററുകളോടും അനുബന്ധിച്ച് കോടികള്‍ ചെലവഴിച്ചുള്ള സഹായ കേന്ദ്രങ്ങള്‍- സി.എച്ച്. സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ എല്ലാ പഞ്ചായത്തുകളിലും ‘ബൈത്തുറഹ്മ പദ്ധതി പ്രകാരം അശരണര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററുകള്‍ വഴി ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു. ഇവക്കുപുറമെ മുസ്‌ലിംലീഗ് പോഷക ഘടകമായ കെ.എം.സി.സി കമ്മിറ്റികളും കോടിക്കണക്കിന് രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മറ്റു പല പ്രസ്ഥാനങ്ങളും രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വ സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും വര്‍ഗീയ ധ്രുവീകരണയത്‌നങ്ങളില്‍ മാത്രം മുഴുകിയിരിക്കുകയും ചെയ്യുമ്പോള്‍ മുസ്‌ലിംലീഗും പോഷക സംഘടനകളും ഭേദങ്ങള്‍ ഏതുമില്ലാതെ സേവനങ്ങളില്‍ മുഴുകിനില്‍ക്കുന്നതു സര്‍വ്വര്‍ക്കും മാതൃകയാണ്.
മുസ്‌ലിം വനിതാ വിദ്യാഭ്യാസത്തിലെ മുന്നേറ്റംപോലെ വനിതാ ശാക്തീകരണവും ഊര്‍ജ്ജിതമാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. മുസ്‌ലിം സ്ത്രീശാക്തീകരണം ഖാഇദേമില്ലത്തിന്റെയും കെ.എം. സീതിസാഹിബിന്റെയും മറ്റും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ആ സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞു. ഖാഇദേ മില്ലത്തിന്റെ സന്ദേശമായ അഭിമാനകരമായ അസ്തിത്വം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ മതേതര ജനാധിപത്യ പാതയിലൂടെ നയിക്കുകയെന്ന ദൗത്യ നിര്‍വഹണത്തില്‍ കര്‍മ്മനിരതമാണ് മുസ്‌ലിംലീഗ്.