kerala

5 മാസം കൊണ്ട് 45637 മയക്കുമരുന്ന് കേസുകള്‍, പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്

By Chandrika Web

June 21, 2023

സംസ്ഥാനത്ത് 2023ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ്  എടുത്തത്. ഇതില്‍ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2726പേര്‍ അറസ്റ്റിലായി. 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്‍എസ്ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം കണക്കാക്കുന്നത്. 578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 8003 അബ്കാരി കേസുകളും 34,894 കേസുകള്‍ പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടതുമാണ്.

അബ്കാരി കേസുകളില്‍ 6926 പേര്‍ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്ഡുകളും എക്‌സൈസ് ഇക്കാലയളവില്‍ നടത്തി. മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസര്‍ഗോഡും (31). മയക്കുമരുന്ന് കേസുകള്‍ ജനുവരി മാസത്തില്‍ 494ഉം, ഫെബ്രുവരി 520, മാര്‍ച്ച് 582, ഏപ്രില്‍ 551, മെയ് 585 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്.