തിരുവനന്തപുരം: കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പരേതനായ രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരുടെ കുറിപ്പുകളില്‍ മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ആറുവര്‍ഷം മുമ്പ് 200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും ഉള്‍പ്പെടെയുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു ഗ്രീമയുടെ വിവാഹം. എന്നാല്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനൊപ്പം 25 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് ‘ഉപയോഗിച്ച ഉടുപ്പ് പോലെ’ മകളെ ഉപേക്ഷിച്ചുവെന്നും, പിരിയാന്‍ യാതൊരു ന്യായമായ കാരണവും ഉണ്ടായിരുന്നില്ലെന്നും, ആറുവര്‍ഷത്തെ മാനസിക പീഡനവും അപമാനവുമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന മരുമകന്‍ നിലവില്‍ നാട്ടിലുണ്ടെന്നാണ് വിവരം. സ്വത്തുക്കള്‍ ഉണ്ണികൃഷ്ണനോ സഹോദരന്മാരോ അനുഭവിക്കരുതെന്നും, അമ്മയുടെ സഹോദരന്മാര്‍ക്ക് നല്‍കുന്നതാണ് തങ്ങള്‍ക്കുള്ള സന്തോഷമെന്നും ഗ്രീമയുടെ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.