kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

By webdesk18

May 18, 2025

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.