വാഷിങ്ടൺ: വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് നിലവിൽ കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു.
കൊളംബിയയെ ആക്രമിക്കാൻ ഇപ്പോഴത്തെ സാഹചര്യം അനുകൂലമാണെന്ന് താൻ കരുതുന്നുവെന്നും യു.എസിലേക്ക് വ്യാപകമായി കൊക്കെയ്ൻ കടത്തുന്ന രാജ്യമാണ് കൊളംബിയയെന്നും ട്രംപ് ആരോപിച്ചു. മയക്കുമരുന്ന് വ്യാപാരത്തിനെതിരായ ശക്തമായ നടപടികൾ തുടരുമെന്നതിന്റെ ഭാഗമായാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വെനസ്വേലയുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നേരത്തെ വിശദീകരണം നൽകിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ യു.എസിന് ആഗ്രഹമില്ലെന്നും എന്നാൽ നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലയ്ക്ക് മേൽ സമ്മർദം ചെലുത്തുമെന്നും റുബിയോ പറഞ്ഞു. ഇത് വെനസ്വേലയ്ക്കെതിരായ യുദ്ധമല്ലെന്നും, മയക്കുമരുന്ന് കച്ചവടക്കാരോടാണ് യു.എസിന്റെ പോരാട്ടമെന്നും എൻ.ബി.സി.യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കൽ തുടരുമെന്നും റുബിയോ കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദൂറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ നിലയുറപ്പിച്ചിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. പിന്നീട് ഗ്വാണ്ടനാമോയിലെ യു.എസ് നാവിക താവളത്തിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ന്യൂയോർക്കിലെ സ്റ്റിവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലേക്കും കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേല തലസ്ഥാനമായ കരക്കാസിൽ യു.എസ് സൈനിക അധിനിവേശം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നു. ഏഴിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ നഗരം മുഴുവൻ പരിഭ്രാന്തിയിലായി. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നതായും പിന്നീട് കരയാക്രമണം നടന്നതായും ദൃക്‌സാക്ഷികൾ അറിയിച്ചു. സാധാരണക്കാർക്കും സൈന്യത്തിനുമെതിരെ ആക്രമണം ഉണ്ടായതായും കരക്കാസ് നിവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.