News

വാര്‍ദ്ധക്യവും മൂത്രാശയ ആരോഗ്യവും: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By vismaya

March 08, 2026

പ്രായമാകുമ്പോള്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ വൃക്കകളുടെയും മൂത്രാശയ വ്യവസ്ഥയുടെയും പ്രവര്‍ത്തനക്ഷമതയില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങളെ പ്രായത്തിന്റെ പ്രശ്നങ്ങളായി കണ്ട് അവഗണിക്കുന്നത് രോഗം സങ്കീര്‍ണ്ണമാകാന്‍ കാരണമാകുന്നു.  കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും വാര്‍ദ്ധക്യ കാലത്തെ മൂത്രാശയ രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാനാകും.മുത്രാശയ വ്യവസ്ഥയിലെ മാറ്റങ്ങള്‍

പ്രായമാകുമ്പോള്‍ മൂത്രസഞ്ചിയുടെ ഇലാസ്തികത (elastictiy) കുറയുകയും പേശികള്‍ക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കു റഞ്ഞ അളവില്‍ മൂത്രം നിറയുമ്പോള്‍ തന്നെ ശക്തമായ അസ്വസ്ഥത, മൂത്രം പിടിച്ചുനിര്‍ത്താന്‍ പ്രയാസം നേരിടുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാം. സ്ത്രീകളില്‍ പെല്‍വിക് പേശികളുടെ ബലക്കുറവ് മൂലം ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അറിയാതെ മൂത്രം പോകുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയും പുരുഷന്മാരും

അറുപത് വയസ്സ് പിന്നിട്ട പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം അഥവാ ബി.പി.എച്ച്. മൂത്രമൊഴിക്കാന്‍ കാലതാമസമെടുക്കുക, മൂത്രത്തിന്റെ ഒഴുക്ക് കുറയുക, മൂത്രം പൂര്‍ണ്ണമായും പോകാത്ത അവസ്ഥ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതിനുപുറമെ, ഇടയ്ക്കിടെ മൂത്രമൊഴിക്കുക (പ്രത്യേകിച്ച് രാ ത്രികാലങ്ങളില്‍), മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരിക എന്നീ ബുദ്ധി മുട്ടുകളും കണ്ടുവരാറുണ്ട്. ബി.പി.എച്ച്. കൂടാതെ ഈ പ്രായത്തിലുള്ളവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ (മൂത്രസഞ്ചി) ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മൂത്രതടസ്സമുണ്ടാകുകയും അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

മുത്രാശയ അണുബാധയിലെ പ്രത്യേകതകള്‍ പ്രായമായവരില്‍ മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പലപ്പോഴും പനിയോ പുകച്ചിലോ ഉണ്ടാകണമെന്നില്ല. പകരം പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, ആശയക്കുഴപ്പം, വീഴ്ചകള്‍ എന്നിവ കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു യൂറോളജിസ്റ്റിന്റെ സഹായത്തോടെ മൂത്രപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

വൃക്കകളുടെ സംരക്ഷണം

പ്രമേഹവും രക്തസമ്മര്‍ദ്ദ വും നിയന്ത്രണവിധേയമല്ലെങ്കില്‍ അത് വൃക്കകളെ ഗുരുതരമായി ബാധിക്കും. ദീര്‍ഘകാലം വേദനസംഹാരികള്‍ ഉപയോഗിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. കൃത്യമായ ഇടവേളകളില്‍ യൂറിന്‍ റുട്ടീന്‍ ,സെറം ക്രിയാറ്റിനിന്‍, ഇ.ജി.എഫ്.ആര്‍ തു ടങ്ങിയ പരിശോധനകളിലൂടെ വൃക്കകളു ടെ ആരോഗ്യം വിലയിരുത്തണം.

പരിശോധനാരീതികള്‍

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യൂറിന്‍ റുട്ടീന്‍, സെറം ക്രിയാറ്റിനിന്‍, ഇ.ജി.എ ഫ്.ആര്‍ എന്നീ പ്രാഥമിക പരിശോധനകള്‍ നടത്തേണ്ടതാണ്. കൂടാതെ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, യൂറോ ഫ്‌ലോമെട്രി തുടങ്ങിയ ലളിതമായ പരിശോധനകള്‍ യൂറോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യേണ്ടതാണ്..പുരുഷന്മാര്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത തള്ളിക്കളയാന്‍ സെറം പി.എസ്.എ പരി ശോധന നടത്തുന്നത് ഉചിതമായിരിക്കും.

മുന്‍കരുതലുകള്‍:

ധാരാളം വെള്ളം കുടിക്കുന്നത് അണുബാധ തടയാന്‍ സഹായിക്കും. എങ്കിലും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരത്തിന് ശേഷം വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്താം. മദ്യപാനവും പുകവലിയും പൂര്‍ണ്ണമായും ഒഴിവാക്കണം. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ വൈകരുത്.