india

അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ എണ്ണം 130 ആയി

By webdesk17

June 12, 2025

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 130 ആയി.

പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്‍.എഫ് സംഘവും അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്‌നിരക്ഷാസേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

അതേസമയം അപകടത്തില്‍പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്‍മാരും 7 പേര്‍ പോര്‍ച്ചുഗീസ് പൗരന്‍മാരും ഒരാള്‍ കനേഡിയന്‍ പൗരനുമാണ്. യാത്രക്കാരില്‍ ഒരു മലയാളിയും ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് 11 വര്‍ഷം പഴക്കമുണ്ട്. വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്‌സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു.