kerala

ലൈംഗിക ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു

By webdesk13

August 28, 2024

തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു . ജുബിത, മീനു മുനീർ എന്നിവർക്കെതിരെ ഡി.ജി.പിക്കും അന്വേഷണ കമ്മിഷനുമാണ് പരാതി നൽകിയത്. ഇമെയിൽ വഴിയാണ് പരാതി അയച്ചിരിക്കുന്നത്. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടവേള ബാബു പറയുന്നു.

നടിമാരായ ജുബിതയ്ക്കും മിനു മുനീറിനും എതിരെ നൽകിയ പരാതിയിൽ, തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ബാബു ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ബാബു പറഞ്ഞു.

2013 ലെ ഒരു സിനിമയുടെ സെറ്റിൽ വച്ച് നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ എന്നിവർ തന്നെ ശാരീരികമായും വാക്കാലും അധിക്ഷേപിച്ചതായി മിനു മുനീർ വിശദമായ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

അതിനിടെ, ഭീമമായ രജിസ്‌ട്രേഷൻ ഫീസ് നൽകുന്നതിന് പകരം ‘അഡ്‌ജസ്റ്റ്‌മെൻ്റ്’ വഴി താരസംഘടനയായ അമ്മയിൽ അംഗമാകാമെന്ന് ബാബു നിർദ്ദേശിച്ചതായി നടി ജുബിത ആൻഡി ആരോപിച്ചു. ആവശ്യങ്ങൾ നിരസിച്ചതിനെ തുടർന്ന് തനിക്ക് സിനിമാ ഓഫറുകൾ ലഭിക്കുന്നത് നിലച്ചുവെന്നും അവർ അവകാശപ്പെട്ടു.