tech

ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം എഐ ടൂള്‍; പുതുവര്‍ഷ പ്രഖ്യാപനവുമായി ഗൂഗിള്‍

By webdesk18

December 23, 2025

ആന്‍ഡ്രോയിഡില്‍ പുതുവര്‍ഷം മുതല്‍ ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി. 2026 മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടാബ് ലെറ്റുകള്‍, ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് തുടങ്ങിയവയിലെല്ലാം ഈ പുത്തന്‍ മാറ്റമെത്തും.

ഗൂഗിള്‍ അസ്സിസ്റ്റന്റിന് പകരം ജെമിനി എത്തുന്നതോടെ ആളുകള്‍ക്ക് കൂടുതല്‍ സംവദിക്കാനും ആശയവിനിമയം സുതാര്യമാക്കാനും സാധിക്കും. സ്വാഭാവിക ഭാഷയില്‍ തന്നെ ജെമിനിയോട് സംസാരിക്കാന്‍ സാധിക്കുന്നതും ജെമിനി ലൈവ് പോലുള്ള സവിശേഷതകളുമൊക്കെയാണ് ഉപയോക്താക്കളെ ജെമിനിയിലേക്ക് കൂടുതല്‍ അടുപ്പിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് പോലും ജെമിനിയുടെ ഉത്തരങ്ങള്‍ വളരെ ലളിതവും മനസിലാക്കാന്‍ സാധിക്കുന്നതുമായിരിക്കും. അതിനാല്‍ ഗൂഗിള്‍ അസിസ്റ്റന്റിനേക്കാള്‍ മികവ് ജെമിനിക്ക് ഉണ്ടെന്നതാണ് വിലയിരുത്തലുകള്‍.

ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ജെമിനി എത്തുന്നതോടെ ദൈനംദിന ജോലികളെ സഹായിക്കുന്നതിനോടൊപ്പം ഫോണിലെ ആപ്പുകളില്‍ നിന്നുള്ള ഡാറ്റയിലൂടെ സ്മാര്‍ട്ട് സഹായം നല്‍കുകയും ചെയ്യും. അസിസ്റ്റന്റില്‍ നിന്ന് ജെമിനിയിലേക്കുള്ള മാറ്റം ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ പാടില്ലെന്നും ഉപയോഗം കൂടുതല്‍ സുഗമമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കി. അതിനാല്‍ അല്‍പ്പം സമയമെടുത്താകും ജെമിനിയുടെ മുഖം മിനുക്കിയുള്ള വരവ്. ഇതോടെ ജെമിനി ഡിഫോള്‍ട്ട് അസിസ്റ്റന്റായിട്ടാകും പ്രവര്‍ത്തിക്കുക.

ഓരോ രാജ്യങ്ങളിലും ഘട്ടം ഘട്ടമായിട്ടാകും മാറ്റങ്ങള്‍ കൊണ്ട് വരുകയെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. 2025 അവസാനത്തോടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാറ്റം വരുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ വര്‍ഷാവസാനവും അവധിക്കാല സീസണുമായതിനാല്‍ ഉപയോക്താക്കള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് പുതുവര്‍ഷത്തിലേക്ക് തീരുമാനം ഗൂഗിള്‍ മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.