ഹൃദയാഘാതം പലപ്പോഴും ‘നിശ്ശബ്ദനായ കൊലയാളി’യായാണ് അറിയപ്പെടുന്നത്. ലക്ഷണങ്ങളൊന്നുമില്ലാതെ എത്തുന്ന ഈ അപകടം ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിര്‍മിതബുദ്ധിയുടെ (AI) സഹായത്തോടെ ഹൃദയാഘാത സാധ്യത പ്രവചിക്കാനാകുന്ന പുതിയ രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഗവേഷകര്‍. ‘ഹൃദയാഘാതം തടയാനുള്ള ടൈം മെഷീന്‍’ എന്ന പേരിലാണ് ഈ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്. കായികതാരങ്ങളിലും യുവാക്കളിലും പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയസ്തംഭനങ്ങള്‍ തടയാന്‍ ഈ പരിശോധന വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. ഹൃദയപേശികള്‍ അസാധാരണമായി കട്ടിയാകുന്ന ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി (HCM) എന്ന അവസ്ഥ കണ്ടെത്താനാണ് ഈ രക്തപരിശോധന പ്രധാനമായും ഉപയോഗിക്കുക. ഈ രോഗം പലപ്പോഴും യാതൊരു പുറംലക്ഷണങ്ങളും കാണിക്കാറില്ല. എന്നാല്‍, രക്തത്തിലെ പ്രോട്ടിനുകളെയും വ്യക്തിയുടെ ജനിതക ഘടനയെയും അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് രോഗസാധ്യത മുന്‍കൂട്ടി പ്രവചിക്കുന്നത്. ഹൃദ്രോഗം ഉള്‍പ്പെടെ ജീവിതശൈലീ കാരണങ്ങളാല്‍ ഉണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിലാണ് ഗുരുതരമായ അവസ്ഥയിലേക്കെത്തുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് ബ്ലോക്ക് രൂപപ്പെടാന്‍ പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെയും ചിലപ്പോള്‍ അതിലും കൂടുതല്‍ സമയവും എടുക്കാം. 20 അല്ലെങ്കില്‍ 25 വയസ്സില്‍ തന്നെ രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ ആരംഭിച്ചേക്കാമെങ്കിലും, ഈ ഘട്ടത്തില്‍ സാധാരണയായി യാതൊരു ലക്ഷണങ്ങളും പ്രകടമാകാറില്ല. അതിനാലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പേ രോഗസാധ്യത തിരിച്ചറിയാന്‍ കഴിയുന്ന ഈ പുതിയ രക്തപരിശോധനയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്.