കൊൽക്കത്ത: ഇന്ത്യക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ വിജയിക്കുക എന്നതാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന ലക്ഷ്യമെന്ന് സ്പിന്നർ കേശവ് മഹാരാജ് പറഞ്ഞു. ഇന്ത്യൻ മണ്ണിൽ ജയം നേടുക വലിയ വെല്ലുവിളിയാണെങ്കിലും അത് ടീമിന്‍റെ ആഗ്രഹമാണെന്നും മഹാരാജ് വ്യക്തമാക്കി.
“ഇന്ത്യൻ പര്യടനത്തിൽ വിജയം നേടുന്നത് എളുപ്പമല്ല. എന്നിരുന്നാലും ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഞങ്ങളെ സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്ന പരമ്പരയാകും. ഉപഭൂഖണ്ഡത്തിലെ മറ്റ് ഭാഗങ്ങളിൽ വിജയങ്ങൾ നേടിയിട്ടുണ്ട്; ഇന്ത്യയിലും അത് ആവർത്തിക്കാനാണ് ഞങ്ങളുടെ ശ്രമം,” – മഹാരാജ് പറഞ്ഞു.
“പാകിസ്താനിലേതുപോലെ ഇവിടെ പിച്ചുകൾ അത്രയും സ്പിൻ അനുകൂലമായിരിക്കില്ല. ക്യൂറേറ്റർമാർ ബാറ്റ്-ബോൾ ബാലൻസ് ഉറപ്പാക്കുന്ന രീതിയിൽ പിച്ചുകൾ ഒരുക്കും എന്നാണ് കരുതുന്നത്,” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരെ രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് കൊൽക്കത്തയിലും രണ്ടാം മത്സരം ഗുവാഹത്തിയിലുമാണ് നടക്കുന്നത്. കഴിഞ്ഞ 15 വർഷമായി ദക്ഷിണാഫ്രിക്കക്ക് ഇന്ത്യയിൽ ടെസ്റ്റ് മത്സരം ജയിക്കാനായിട്ടില്ല. 2015ലും 2019ലും നടന്ന പരമ്പരകളിൽ ഇന്ത്യയോട് തോൽവി വഴങ്ങിയായിരുന്നു പ്രോട്ടീസ് മടങ്ങിയത്.
ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൽ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അകാശ് ദീപ്.