News

കൊച്ചിയില്‍ ഹൃദയവുമായി എയര്‍ ആംബുലന്‍സ്; ഷിബുവിന്റെ ഹൃദയം ഇനി ദുര്‍ഗയില്‍ തുടിക്കും

By webdesk17

December 22, 2025

കൊച്ചി: ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജനറല്‍ ആശുപത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തിച്ചു. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗയ്ക്ക് മാറ്റിവെക്കുന്നതാണ് ശസ്ത്രക്രിയ.

സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത് രാജ്യത്ത് ആദ്യമായാണ്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ അവയവദാനമാണ് ഈ ചരിത്രശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്രപടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്തു. ഇതില്‍ ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ വിജയകരമായി മാറ്റിവെച്ചു. ഹാര്‍ട്ട് വാല്‍വും നേത്രപടലങ്ങളും മറ്റു രോഗികള്‍ക്കായി സൂക്ഷിച്ചിരിക്കുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുമ്പ് ഹൃദയമാറ്റിവയ്ക്കല്‍ നടന്നിട്ടുണ്ടെങ്കിലും ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് ആദ്യമാണ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ദുര്‍ഗയ്ക്ക് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന ഗുരുതര ഹൃദയരോഗമാണ്.

അമ്മയും സഹോദരിയും ഇതേ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. പിതാവും നേരത്തേ മരിച്ചു. ഇപ്പോള്‍ സഹോദരന്‍ മാത്രമാണ് ദുര്‍ഗയ്‌ക്കൊപ്പം ഉള്ളത്. അവയവദാനവും ആരോഗ്യവകുപ്പിന്റെ ഏകോപനവും ചേര്‍ന്ന് കേരളം മെഡിക്കല്‍ രംഗത്ത് വീണ്ടും പുതിയ ചരിത്രം കുറിക്കുകയാണ്.