News

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; പുതുക്കിയ നിരക്ക് നാളെ മുതല്‍

By Akhila

April 07, 2026

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. രാജ്യാന്തര സര്‍വീസുകള്‍ക്കാണ് ഇന്ധന സര്‍ചാര്‍ജ് കുതിച്ചുയര്‍ന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതല്‍ 899 രൂപയാക്കി പരിഷ്‌കരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു പിന്നാലെ മാര്‍ച്ച് 10നാണ് എയര്‍ ഇന്ത്യ സര്‍ചാര്‍ജ് പ്രഖ്യാപിച്ചത്. ഇതാണ് ഏകദേശം ഒരു മാസമാകുന്നതിനു മുന്‍പ് വീണ്ടും പരിഷ്‌കരിക്കുന്നത്. ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനയാണ് നിരക്കില്‍ പ്രതിഫലിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് നാളെ രാവിലെ 9.01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമായിരിക്കും.

ആഭ്യന്തര സര്‍വീസുകളിലെ നിരക്കുകള്‍ . 500 കിലോമീറ്റര്‍: 299 രൂപ . 500-1000 കിലോമീറ്റര്‍: 399 രൂപ . 1000-1500 കിലോമീറ്റര്‍: 549 രൂപ . 1500-2000 കിലോമീറ്റര്‍: 749 രൂപ . 2000 കിലോമീറ്ററിനു മുകളില്‍: 899 രൂപ

രാജ്യാന്തര സര്‍വീസുകള്‍: നിരക്ക് വര്‍ധനയിങ്ങനെ

(രാജ്യം, നിലവിലെ നിരക്ക്, പുതിയ നിരക്ക് എന്ന ക്രമത്തില്‍) സാര്‍ക് രാജ്യങ്ങള്‍ (ബംഗ്ലാദേശ് ഒഴികെ): 399 രൂപ (5 ഡോളര്‍), 24 ഡോളര്‍ മിഡില്‍ ഈസ്റ്റ്/പശ്ചിമേഷ്യ: 10 ഡോളര്‍, 50 ഡോളര്‍ സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന: 60 ഡോളര്‍, 100 ഡോളര്‍ സിംഗപ്പൂര്‍: 60 ഡോളര്‍, 60 ഡോളര്‍ ആഫ്രിക്ക: 90 ഡോളര്‍, 130 ഡോളര്‍ യൂറോപ്പ് (ബ്രിട്ടന്‍ അടക്കം): 125 ഡോളര്‍, 205 ഡോളര്‍ നോര്‍ത്ത് അമേരിക്ക: 200 ഡോളര്‍, 280 ഡോളര്‍ ഓസ്ട്രേലിയ: 200 ഡോളര്‍, 280 ഡോളര്‍

ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍ചാര്‍ജ് 200 ഡോളറായിരുന്നത് 280 ഡോളറായി വര്‍ധിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 10 ഡോളറായിരുന്നത് 50 ഡോളറായി വര്‍ധിക്കും. ബംഗ്ലാദേശ്, ജപ്പാന്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് പിന്നീട് പ്രഖ്യാപിക്കും.