international
പ്രവാസിയോട് എയര്‍ ഇന്ത്യയുടെ അനാസ്ഥ; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചര്‍ അനുവദിച്ചില്ല
സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദ്: പ്രവാസിയോടുള്ള എയര്‍ ഇന്ത്യയുടെ അനാസ്ഥ വിവാദമാകുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ സ്ട്രെച്ചര്‍ അനുവദിച്ചില്ല. സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദില്‍ നിര്‍മാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന് തുളസി (56)യാണ് എയര്‍ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്‍മിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടന്‍ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തതിനാല്‍, ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, മറ്റ് വിമാനകമ്പനികള്‍ 30,000 മുതല്‍ 35,000 റിയാല്‍ വരെ സ്റ്റ്രെച്ചര് ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദില്‍ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തില്‍, ചികിത്സ ഇവിടെ തന്നെ തുടരാന്‍ രാഘവന് തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍, ഡോക്ടറുടെയോ പ്രത്യേക മെഡിക്കല്‍ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചര് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ 12,000 റിയാല്‍ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
international
സൗദിയില്‍ വ്യാപക മഴയ്ക്ക് സാധ്യത; മിന്നല്‍ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
റിയാദ്, ഖസീം, ഹൈല്‍, മദീന, മക്ക, അല്‍ബാഹ, അസീര്‍, ജസാന്‍, കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴ, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കന്‍ അതിര്‍ത്തികള്‍, അല്‍ജൗഫ്, തബൂക്ക് മേഖലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ഡിസംബര്‍ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയെത്തുടര്‍ന്ന് പച്ചപ്പണിഞ്ഞ സൗദിയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
വടക്കന്‍ സൗദിയിലെ അല്‍നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിച്ചതോടെ മണല്‍ക്കുന്നുകള്‍ മനോഹരമായ രൂപങ്ങളിലേക്ക് മാറി. നീരുറവകളും ചെറുതടാകങ്ങളും രൂപപ്പെട്ടതോടെ സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശം പുതുജീവന്‍ കൈവരിച്ചു.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ വാദി അറാര്‍ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളില്‍ വെള്ളം നിറയുകയും ചെയ്തു. അറാര്‍ നഗരത്തിലെ മരുഭൂമികള്‍ ട്രെക്കിംഗ് പ്രേമികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറി. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അസീര്‍ മേഖലയും സമീപ പ്രദേശങ്ങളും മലമുകളിലെ മഞ്ഞും അബ്ഹ നഗരത്തിന്റെ ശൈത്യകാല ഭംഗിയും കൊണ്ട് ശ്രദ്ധ നേടുകയാണ്.
international
ഒമാനില്‍ ശനിയാഴ്ച രാത്രിയില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം; ചന്ദ്രോദയത്തിന് മുന്‍പ് കാണാന്‍ മികച്ച അവസരം
കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കും
മസ്കത്ത്: ആകാശപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഒമാനില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ദര്‍ശിക്കാനാവും. ചന്ദ്രോദയത്തിന് മുന്‍പുള്ള സമയം ഏറ്റവും അനുകൂലമാണെന്ന് ഒമാന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസ്ട്രോണമി & അസ്ട്രോഫോട്ടോഗ്രഫി കമ്മിറ്റി ചെയര്മാന് ഖാസിം ഹമദ് അല്‍ ബൂസൈദി അറിയിച്ചു.
രാത്രി 12.50ന് ചന്ദ്രോദയം ഉണ്ടാകുന്നതിനാല്‍ അതിന് മുമ്പ് ദര്‍ശനം ആരംഭിക്കാനാണ് വിദഗ്ധരുടെ നിര്‍ദേശം. ചന്ദ്രന്റെ പ്രകാശം ശക്തമായാല്‍ ഉല്‍ക്കകളുടെ ദൃശ്യമാനം കുറയുന്നതിനാലാണ് ഇത്. കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഛിന്നഗ്രഹമായ പൈത്തണ്‍ 3200 ലെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഏറ്റുമുട്ടുന്നതിലാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം രൂപപ്പെടുന്നത്. വര്‍ഷത്തിലെ ഏറ്റവും മനോഹരവും ശ്രദ്ധേയവുമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നായ ജെമിനിഡ് ഷവര്‍ ഈ വാരാന്ത്യത്തില്‍ ദര്‍ശകര്‍ക്ക് അപൂര്‍വ കാഴ്ച ഒരുക്കും.
international
ലോകയാത്രയില്‍ ആയിരുന്ന ആഡംബര കപ്പലില്‍ നോറോവൈറസ്; നൂറിലധികം പേര്‍ക്ക് രോഗബാധ
നവംബര്‍ 30ന് മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.
സാന്‍ ഫ്രാന്‍സിസ്കോ: ലോകം ചുറ്റാനിറങ്ങിയ ആഡംബര ക്രൂയിസ് കപ്പല്‍ ഐഡ ദീവയില്‍ നോറോവൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാരും ജീവനക്കാരും രോഗബാധിതരായി. ഏകദേശം 2,000 യാത്രക്കാരും 640 ജീവനക്കാരും ഉള്‍പ്പെട്ട 133 ദിവസത്തെ ലോകയാത്രയിലാണ് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ജര്‍മനിയിലെ ഹാംബര്‍ഗില്‍ നിന്ന് നവംബര്‍ 10ന് പുറപ്പെട്ട കപ്പല്‍ യു.എസ്, യുകെ, ജപ്പാന്, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, മെക്സിക്കോ, ശ്രീലങ്ക തുടങ്ങി 26 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വലിയ യാത്രയിലാണ്. നവംബര്‍ 30ന് മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആദ്യ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.
വയറിളക്കവും ഛര്‍ദ്ദിയും പ്രധാന ലക്ഷണങ്ങളായ നോറോവൈറസ് ബാധിതരെ കപ്പലില്‍ വേര്‍തിരിച്ച് ക്വാറന്റൈന് ചെയ്തിട്ടുണ്ട്. കപ്പല്‍ അണുവിമുക്തമാക്കാനുള്ള നടപടികളും ശക്തിപെടുത്തിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അറിയിച്ചു.
നോറോവൈറസ് അമേരിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അലബാമ, നെബ്രാസ്ക, ഒക്ലാഹോമ, ടെക്സസ്, വ്യോമിങ് സംസ്ഥാനങ്ങളിലാണ് അന്ന് വൈറസ് വ്യാപനം ഏറ്റവും കൂടുതലായിരുന്നത്. ലോകയാത്രയിലെ യാത്രക്കാരെ ബാധിച്ച ഈ പുതിയ പകര്‍ച്ചവ്യാധി കപ്പലിന്റെ സുരക്ഷാ നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആവശ്യം മുന്നോട്ടുവെയ്ക്കുകയാണ്.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
kerala17 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
