international

പ്രവാസിയോട് എയര്‍ ഇന്ത്യയുടെ അനാസ്ഥ; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചര്‍ അനുവദിച്ചില്ല

By webdesk18

December 17, 2025

റിയാദ്: പ്രവാസിയോടുള്ള എയര്‍ ഇന്ത്യയുടെ അനാസ്ഥ വിവാദമാകുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ സ്ട്രെച്ചര്‍ അനുവദിച്ചില്ല. സ്‌റ്റ്രെച്ചര്‍ ടിക്കറ്റിനായി കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.

റിയാദില്‍ നിര്‍മാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന്‍ തുളസി (56)യാണ് എയര്‍ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്‍മിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടന്‍ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തതിനാല്‍, ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, മറ്റ് വിമാനകമ്പനികള്‍ 30,000 മുതല്‍ 35,000 റിയാല്‍ വരെ സ്‌റ്റ്രെച്ചര്‍ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദില്‍ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തില്‍, ചികിത്സ ഇവിടെ തന്നെ തുടരാന്‍ രാഘവന്‍ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍, ഡോക്ടറുടെയോ പ്രത്യേക മെഡിക്കല്‍ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്‌റ്റ്രെച്ചര്‍ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ 12,000 റിയാല്‍ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.