മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ പടരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ തള്ളി സാങ്കേതിക വിദഗ്ധര്‍. അപകടം നടക്കുന്നതിന് 21 മണിക്കൂര്‍ മുമ്പേ വിക്കിപീഡിയയില്‍ മരണവിവരം അപ്ഡേറ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിക്കിപീഡിയ സെര്‍വറുകള്‍ ആഗോളതലത്തില്‍ UTC (Coordinated Universal Time) ആണ് പിന്തുടരുന്നത്. ഇന്ത്യന്‍ സമയം (IST) ഇതിനേക്കാള്‍ 5 മണിക്കൂര്‍ 30 മിനിറ്റ് മുന്നിലാണ്. ഇന്ത്യയില്‍ അപകടത്തിന് ശേഷം (രാവിലെ 9:30-ന്) നടന്ന എഡിറ്റിങ്ങുകള്‍ വിക്കിപീഡിയ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര സമയത്തായിരിക്കും. ഇത് സമയത്തിന് മുമ്പായി വാര്‍ത്ത വന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.
കമ്പ്യൂട്ടര്‍ ബ്രൗസറുകളിലെ ഈ സംവിധാനം ഉപയോഗിച്ച് ഏതൊരു വെബ്പേജിലെയും തീയതിയും സമയവും താല്‍ക്കാലികമായി മാറ്റിമറിക്കാന്‍ സാധിക്കും. ഇങ്ങനെ വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ഷോട്ടുകളാണ് പലയിടത്തും പ്രചരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. അപകട വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഡിറ്റര്‍മാര്‍ തത്സമയം വിവരങ്ങള്‍ പുതുക്കാന്‍ ശ്രമിച്ചതും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിമാറിയതാകാം.
ജനുവരി 28-ന് രാവിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക അന്വേഷണ ഏജന്‍സികളൊന്നും സംഭവത്തില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ല.