കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടന്‍ അജുവര്‍ഗ്ഗീസ് ഹൈക്കോടതിയില്‍. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായാണ് അജുവര്‍ഗ്ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ നടിക്ക് എതിര്‍പ്പില്ലെന്ന് കാണിച്ചുള്ള നടിയുടെ സത്യവാങ്മൂലവും അജുവര്‍ഗ്ഗീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

ഫേസ്ബുക്കിലൂടെയാണ് താരം നടിയുടെ പേര് വെളിപ്പെടുത്തിയത്. ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ദിലീപിനെ ന്യായീകരിച്ചുള്ള പോസ്റ്റില്‍ നടിയുടെ പേര് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തിരുത്തി അജു വര്‍ഗ്ഗീസ് മാപ്പ് ചോദിച്ചിരുന്നു. പിന്നീട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് അജുവര്‍ഗ്ഗീസിനെതിരെ പോലീസ് കേസെടുക്കുന്നത്. അജുവര്‍ഗ്ഗീസ് തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായല്ല പേര് പരാമര്‍ശിച്ചതെന്നും നടിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ആക്രമിക്കപ്പെട്ട നടി പറയുന്നു.