kerala

മന്ത്രിമാരായ ബാലനും മെഴ്‌സിക്കുട്ടിയമ്മയും തമ്മില്‍ തര്‍ക്കം

By chandrika

October 15, 2020

തിരുവനന്തപുരം: മന്ത്രിസഭയില്‍ എ.കെ. ബാലനും ജെ. മെഴ്‌സിക്കുട്ടിയമ്മയും തമ്മില്‍ തര്‍ക്കം. കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. മന്ത്രിസഭായോഗത്തില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന നിലപാടാണ് മെഴ്‌സിക്കുട്ടിയമ്മ കൈക്കൊണ്ടത്.

പൂന്തുറ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ട്യൂബ് സ്ഥാപിക്കണമെന്നും ഫയല്‍ ഇപ്പോള്‍ നിയമ വകുപ്പിന്റെ കയ്യിലാണെന്നും മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. എന്നാല്‍ ചടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി ബാലന്‍ അതിനെ എതിര്‍ത്തു. കരാറില്‍ പുന:പരിശോധന വേണ്ടിവരുമെന്നും ചില ചട്ടങ്ങള്‍ തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ നല്‍കുന്നതിലേതടക്കം നിയമവശം കൂടി പരിശോധിച്ചുമാത്രമേ അനുമതി നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് എ.കെ. ബാലന്‍ വ്യക്തമാക്കി.

ചട്ടവും നിയമവും പറഞ്ഞു തടഞ്ഞാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത് സാധിക്കില്ലെന്ന് മെഴ്‌സിക്കുട്ടിയമ്മ തിരിച്ചടിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ വളരെ വിജയകരമായി നടപ്പാക്കാനായ പദ്ധതിയാണിതെന്ന് ഫിഷറീസ് മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ അവസാനത്തോടെ പദ്ധതി ആരംഭിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.