തിരുവന്തപുരം: ഫോണ്‍ വിളി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി സിജെഎം കോടതി സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് കോടതി ശശീന്ദ്രന് നോട്ടീസയച്ചു. ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നേരിട്ട് ഹാജരായാണ് പരാതി നല്‍കിയത്. മന്ത്രിയായിരുന്ന സമയത്ത് തന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതായും അപമാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് പരാതി. മൂന്ന് സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ പരാതിയാണ് സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്നാണ് സിജെഎം കോടതി ശശീന്ദ്രനെതിരെ കേസെടുത്തത്. കേസില്‍ ശശീന്ദ്രന്‍ നേരിട്ടെത്തി കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. ലൈംഗികാരോപണ വാര്‍ത്തയെത്തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കുമെതിരെ ക്രൈംബ്രാഞ്ചും ഹൈടെക് സെല്ലും അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.