തിരുവനന്തപുരം: മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തക ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിധി ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത.
ഫോണില്‍ തന്നോട് സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി മൊഴി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.