kerala

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരി

By webdesk18

May 05, 2025

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥിയെ പിടികൂടിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍.തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം നെയ്യാറ്റിന്‍കരയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹാള്‍ടിക്കറ്റുമായ പരീക്ഷയ്‌ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരുന്നു.

അപേക്ഷ നല്‍കാന്‍ പോയ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്ന്് വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ അന്വേഷണ സംഘമെത്തിയതും കസ്റ്റഡിയിലെടുത്തതും.

വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാനായി അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോകുകയും ഇത് മറച്ചുവെക്കാന്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കി .ഇത് തിരിച്ചറിയാതെയാണ് വിദ്യാര്‍ഥി പരീക്ഷയെഴുതാനായി പോയതെന്നും പൊലീസ് പറയുന്നു.

പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്.