kerala

ആലപ്പുഴ ബൈപ്പാസില്‍ അഞ്ച് മീറ്ററോളം നീളത്തില്‍ വിള്ളല്‍; രണ്ട് ആഴ്ച്ച നിരീക്ഷണത്തില്‍

By Test User

February 05, 2021

ആലപ്പുഴ: നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുത്തതോടെ ആലപ്പുഴ ബൈപ്പാസില്‍ വിള്ളല്‍. മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ബൈപ്പാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച ഭാഗമാണിത്.

വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ദേശീയപാത ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബൈപ്പാസിന് തകരാറില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇപ്പോഴുള്ള വിള്ളല്‍ വലുതാവുകമോയെന്ന് രണ്ട് ആഴ്ച്ച നിരീക്ഷിക്കും. പ്രൊഫോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിന് മുന്നോടിയായി ഭാരപരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധനക്കും എത്തിയത്.

മൂന്ന് മണിക്കൂറോളമായിരുന്നു പരിശോധന. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട ദിവസം തന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ സമാനമായ വിള്ളല്‍ പിന്നീട് പലഭാഗങ്ങളിലും കണ്ടതോടെ ദേശീയ പാത വിദഗ്ധ സംഘം പരിശോധന നടത്തുകയായിരുന്നു. ചീഫ് എന്‍ജിനീയര്‍ എം അശോക് കുമാര്‍, ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. അഞ്ച് മീറ്ററോളം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്.