crime

ആലപ്പുഴയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു

By Test User

April 12, 2021

ആലപ്പുഴ: ഗുണ്ടാനേതാവും രണ്ടു കൊലപാതകം ഉള്‍പ്പെടെ 25ല്‍ ഏറെ കേസുകളില്‍ പ്രതിയുമായ പുന്നമട അഭിലാഷ് (42) അടിയേറ്റു കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ 12.15നു കൈനകരി തേവര്‍കാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്.

അഭിലാഷിന്റെ സംഘത്തിലെ മുന്‍ അംഗവും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാള്‍ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്നു നെടുമുടി പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരിച്ചു.

നെടുമുടി, ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനുകളില്‍ 2 കൊലപാതകക്കേസുകളില്‍ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കൈനകരിയില്‍, അനിയന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞു നില്‍ക്കുകയായിരുന്നു.