സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ബോളിവുഡ് ചിത്രം രാജ്യത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിവാദങ്ങളുടെ മൊത്തകച്ചവടക്കാരായ സംഘ്പരിവാരമാണ് പത്മാവതി വിവാദത്തിലും കേന്ദ്ര സ്ഥാനത്തുള്ളത്. സംഘ്പരിവാരവും രജപുത്ര കര്‍ണി സേനയുമടക്കം ഉയര്‍ത്തിയ ചരിത്ര വിരുദ്ധതയെ വിമര്‍ശിക്കപ്പെടുന്നതോടൊപ്പം വിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ട കാര്യമാണ് ദേശീയ നിര്‍മ്മിതിയിലെ അപരവത്കരണങ്ങള്‍. പത്മാവതി സിനിമയേയും അതിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രതിനിധീകരണത്തെയും വിമര്‍ശനാത്മകമായി സമീപിക്കുന്നതിന്റെ സാധ്യതകളെ തന്നെ ഇല്ലാതാക്കിയാണ് സിനിമയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പത്മാവതി സിനിമയുടെ പുറത്തിറങ്ങിയ ടീസര്‍ പോപ്പുലര്‍ ചരിത്രത്തിലെ മിത്തുകളെ അതുപോലെതന്നെ പകര്‍ത്തുക മാത്രമല്ല, അലാവുദ്ദീന്‍ ഖില്‍ജിയെ സ്ത്രീലമ്പടനും അപരിഷ്‌കൃതനായ രാജാവുമായാണ് ചിത്രീകരിക്കുന്നത്.
രാജ്പുത് കര്‍ണിസേന രാജ്യമെമ്പാടും സ്വാധീനമുള്ള സംഘടനയൊന്നുമല്ല. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ ക്രമസമാധാനത്തിനു ഭംഗം വരുത്താന്‍ ക്ഷത്രിയ ദുരഭിമാനത്തിന്റെ മൂര്‍ത്തീഭാവമായ രജപുത് സംഘടനക്ക് കഴിഞ്ഞേക്കും. തങ്ങള്‍ ആരാധിക്കുന്ന റാണീപത്മാവതിയെ കരിവാരിത്തേക്കാനും അതുവഴി ഹിന്ദു സ്ത്രീകളെ അപമാനിക്കാനുമുള്ള മനപ്പൂര്‍വമായ ശ്രമമായാണ് സിനിമയെ കര്‍ണ്ണി സേന കാണുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ എണ്ണത്തില്‍ കുറവെങ്കിലും വലിയ സ്വാധീനമുള്ള സമുദായ വിഭാഗമാണ് രജപുത്രര്‍. അതുകൊണ്ട് കൂടിയാണ് ബി.ജെ.പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ സിനിമാ പ്രദര്‍ശനം നിരോധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ സിനിമാ പ്രദര്‍ശനം അനുവദിക്കില്ലെന്നും റാണി പത്മാവതിയെ അപമാനിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ റാണി പത്മാവതി രാഷ്ട്രമാതാവാണന്നും അവരെ അവമതിക്കുകയെന്നാല്‍ രാഷ്ട്രത്തെ ഇകഴ്ത്തുന്നതിനു തുല്യമാണെന്നുമാണ് പ്രസ്താവിച്ചത്.
ബി.ജെ.പി നേതാക്കള്‍ മാത്രമല്ല പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കര്‍ണ്ണി സേനയുടെ പ്രതിഷേധങ്ങളെ ശരിവെക്കുകയും ചരിത്രത്തെ ‘വളച്ചൊടിക്കരുതന്നും’ അഭിപ്രായപ്പെടുകയുണ്ടായി. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് തോന്നിയതിനാലാവാം പത്മാവതി സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമ മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ ഒന്നിനു തിയേറ്ററുകളില്‍ എത്തില്ലെന്നു അറിയിച്ചിരിക്കുന്നു. സംവിധായകന്‍ സഞ്ജീവ് ലീലാ ബന്‍സാലിയെയും പ്രധാനകഥാപാത്രം ദീപികാ പദുകോണിനെയും വധിക്കുന്നവര്‍ക്ക് 5 കോടി രൂപ ഇനാമടക്കം പ്രഖ്യാപിക്കപ്പെടുകയുണ്ടായി. വിവാദങ്ങളെ കൂടുതല്‍ വഷളാക്കി വെള്ളിയാഴ്ച രാജസ്ഥാനിലെ രജപുത്ര കോട്ടയില്‍ ഒരു മനുഷ്യനെ കൊന്ന് കെട്ടിതൂക്കിയതായും വാര്‍ത്തകള്‍ വരുന്നു. മൃതദേഹത്തിനടുത്ത് പാറക്കുമുകളില്‍ ഭീഷണി സ്വരത്തില്‍ കോറിയിട്ട വാക്കുകള്‍ പത്മാവതി വിവാദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സവര്‍ണ്ണ ശക്തികള്‍ കെട്ടുകഥകളെ ചരിത്രവസ്തുതകളാക്കി അവതരിപ്പിക്കാന്‍ അധികാരത്തിന്റെ ബലത്തില്‍ ശ്രമിക്കുന്നതായി കാണാം.
പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച അലാവുദ്ദീന്‍ ഖില്‍ജിയെന്ന ശക്തനായ ഭരണാധികാരി രജപുത്ര രാജ്യമായ മേവാറിലെ ചിറ്റൂര്‍ കോട്ട കീഴടക്കിയതുമായി ബന്ധപ്പെട്ടാണ് പത്മാവതി കെട്ടുകഥകള്‍പ്രചരിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ ഖില്‍ജി വംശവുമായി ബന്ധപ്പെട്ടതോ രജപുത്ര ചരിത്ര രചനകളിലോ പരാമര്‍ശമില്ലാത്ത കഥാപാത്രമാണ് റാണിപത്മാവതി. ശ്രീലങ്കയില്‍ നടന്ന സ്വയം വരത്തിലാണ് റാണിപത്മാവതിയെ മേവാര്‍ രാജാവായ രാജാരതന്‍ സിങ്് വരണമാല്യമണിഞ്ഞതെന്ന് മിത്തുകള്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ ആ കാലഘട്ടത്തിലെ ശ്രീലങ്കന്‍ ചരിത്ര രേഖകളിലൊന്നും റാണി പത്മാവതിയെപറ്റി പരാമര്‍ശമില്ല. അലാവുദ്ദിന്‍ ഖില്‍ജി മരണപ്പെട്ട് (1316 എഡി) വര്‍ഷങ്ങള്‍ക്കു ശേഷം സൂഫി കവിയായ മാലിക് മുഹമ്മദ് ജയ്‌സി അവദ് ഭാഷയിലെഴുതിയ പത്മാവത് (1540) എന്ന കവിതയിലെ സാങ്കല്‍പിക കഥാപാത്രമാണ് റാണി പത്മാവതി. രാജാ രതന്‍സിങും റാണി പത്മാവതിയുമായുള്ള സ്വയംവരവും നിര്‍വ്യാജ പ്രണയവും ഇതിവൃത്തമാക്കിയ കവിതയായിരുന്നു മുഹമ്മദ് ജയ്‌സിയുടെ പത്മാവതി. അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണ കാലത്തിനും 224 വര്‍ഷങ്ങള്‍ക്ക് ശേഷം കവിതയില്‍ രൂപം കൊണ്ട റാണി പത്മാവതിയെങ്ങനെ രജപുത്ര പ്രൗഢിയുടെ ജ്വലിക്കുന്ന പ്രതീകമായി എന്ന് മനസ്സിലാക്കുമ്പോഴാണ് വിഭജിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ വ്യാപ്തി വ്യക്തമാവുക.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രാജസ്ഥാനിലെ വക്താവായിരുന്ന ജെയിംസ് ടോഡിന്റെ രജപുത്രരെ പറ്റിയുള്ള പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ചരിത്രപുസ്തകമായ അനല്‍ ആന്റ് ആന്റിക്വിറ്റീസ് ഓഫ് രാജസ്ഥാന്‍ എന്ന കൃതിയിലാണ് റാണി പത്മാവതിയെ ചരിത്ര വസ്തുതയായി ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ചരിത്ര രചനക്ക് അദ്ദേഹം അവലംബിച്ചതാകട്ടെ വാഗ്‌മൊഴികളെയും കെട്ടുകഥകളെയുമാണ്. മുസ്‌ലിം രാജാവായിരുന്ന അലാവുദ്ദീന്‍ ഹിന്ദു രാജ്യമായ മേവാര്‍ കീഴടക്കുകയും രാജ്യത്തെ ഹിന്ദു സ്ത്രീകളെല്ലാം സ്ത്രീ ലമ്പടനും ക്രൂരനുമായ ഭരണാധികാരിയില്‍ നിന്നും രക്ഷനേടാന്‍ സ്വയം തീക്കൊളുത്തി ആത്മാഹൂതി ചെയ്തതായും ജെയിംസ് ടോഡ് എഴുതിവച്ചു. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ രാഷ്ട്രീയ ലാഭേച്ഛയുമായി ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ജയിംസ് ടോഡ് തന്റെ കൃതിയില്‍ ചരിത്ര വസ്തുതയായി പത്മാവതിയെ അവതരിപ്പിച്ചപ്പോള്‍ മെക്കുലെ പാഠ്യപദ്ധതിയില്‍ ബൗദ്ധിക പരിശീലനം നേടിയ ഹിന്ദു ദേശീയ വാദികള്‍ മുസ്‌ലിം വിരുദ്ധത നിഴലിച്ചുനിന്ന കൊളോണിയല്‍ ചരിത്രത്തെ തങ്ങളുടെ ബഹിഷ്‌കൃത ദേശീയത (ലഃരഹൗശെ്‌ല ിമശേീിമഹശാെ) യെ നിര്‍മ്മിച്ചെടുക്കാനുള്ള ഊര്‍ജ്ജമായാണ് കണ്ടത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി ഭദ്രലോക് സാഹിത്യ രചനകളിലാണ് റാണി പത്മാവതിയെ രജപുത്ര പ്രതിരോധത്തിന്റെ കേന്ദ്ര ബിംബമായി ചിത്രീകരിച്ചുള്ള എഴുത്തുകളുണ്ടാവുന്നത്. പതിനാറാം നൂറ്റാണ്ടിലെ കവി മുഹമ്മദ് ജയ്‌സി തന്റെ സങ്കല്‍പ്പകഥയില്‍ നിര്‍വ്യാജ പ്രണയത്തിന്റെ ബിംബമായി അവതരിപ്പിച്ച റാണി പത്മാവതി എന്ന കഥാപാത്രത്തെ ഹിന്ദു ദേശീയതയുടെ ആരാധ്യമൂര്‍ത്തിയായാണ് പിന്നീട് ബംഗാളി എഴുത്തുകാര്‍ മുന്നോട്ട്‌വെച്ചത്. രംഗലാല്‍ ബന്ദോപാദ്യായുടെ പത്മിനി ഉപാഖ്യാന്‍ (1815) എന്ന ഗദ്യം ജയിംസ് ടോഡിന്റെ വ്യാഖ്യാനത്തെ കടമെടുത്ത് റാണി പത്മാവതിയെ ചരിത്ര വ്യക്തിത്വമായാണ് അവതരിപ്പിച്ചത്. ജ്യോതിന്ദ്രനാഥ് ടാഗോറിന്റെ സരോജിനി-ബാ-ചിറ്റുര്‍ ആക്രമണ്‍ (1875) ക്ഷിരോദ് പ്രസാദിന്റെ പത്മിനി (1906) എന്നീ നാടകങ്ങളിലും റാണി പത്മാവതിയെ മുസ്‌ലിം അധിനിവേശത്തിനെതിരെയുള്ള പ്രതിരോധമായി ചിത്രീകരിക്കപ്പെട്ടു. ബംഗാളി ഭദ്രലോക് രചനകളില്‍ ഉയിര്‍കൊണ്ട ദേശീയവാദ സങ്കല്‍പങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധതയേക്കാള്‍ മുസ്‌ലിം വിരുദ്ധതയിലധിഷ്ഠിതമായിരുന്നെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബങ്കിങ് ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ്മഠ് (1882) അടക്കമുള്ള അക്കാലത്തെ ദേശീയത ഉത്തേജിപ്പിക്കുന്ന കൃതികളുടെ ഇതിവൃത്തം മുസ്‌ലിംകളെ മുഖ്യധാരാ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് അപരവത്കരിച്ചു കൊണ്ടുള്ളതായിരുന്നു. അന്നത്തെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ വിമര്‍ശിക്കുന്നത് ഭരണകൂട നടപടികളിലേക്ക് നയിക്കുമെന്ന ഭയമായിരിക്കാം ബംഗാളി ഹൈന്ദവ ദേശീയ വാദികളെ ആദ്യ ഘട്ടങ്ങളില്‍ ബ്രിട്ടീഷ് വിമര്‍ശനത്തില്‍ നിന്ന് പിറകോട്ട് വലിച്ചത്.
ചരിത്ര വ്യക്തികളെ ആധുനികയുക്തിയില്‍ വിലയിരുത്തുകയെന്നത് ചരിത്രത്തോടും വര്‍ത്തമാന കാലത്തോടും ചെയ്യുന്ന നീതികേടാണ്. അലാവുദ്ദീന്‍ ഖില്‍ജിയും ബാബറും ഔറംഗസീബുമൊക്കെ ആ കാലഘട്ടത്തിന്റെ കണ്ണിലൂടെ വേണം വിലയിരുത്തപ്പെടാന്‍. പ്രശസ്ത ചരിത്രകാരന്‍ ഹര്‍ബന്‍സ് മുഖിയ പറയുന്നത് പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു അലാവുദ്ദീന്‍ ഖില്‍ജി എന്നാണ്. മംഗോള്‍ രാജാവ് ചെങ്കിസ്ഖാന്റെ പടയോട്ട കാലഘട്ടത്തിലാണ് ഖില്‍ജി ഡല്‍ഹി ഭരിച്ചിരുന്നത്. ചെങ്കിസ്ഖാന്റെ സേനാപതിമാര്‍ ലോകത്തിന്റെ നാനാദിക്കിലേക്ക് സര്‍വനാശം വിതച്ച് പടയോട്ടം നടത്തിയപ്പോള്‍ നിലംപതിക്കാത്തൊരു സാമ്രാജ്യങ്ങളുമുണ്ടായിരുന്നില്ല. അബ്ബാസിദ് ഖലീഫയെ പോലും വധിച്ച് ബഗ്ദാദും മറ്റ് പൗരസ്ത്യ -യൂറോപ്യന്‍ നാടുകളുമെല്ലാം ചുട്ടു ചാമ്പലാക്കിയ മംഗോള്‍ പട കശ്മീരും ലാഹോറും പെഷവാറും കീഴടക്കി യമുനാ തീരത്ത് തമ്പടിച്ചപ്പോള്‍ കനത്ത പ്രത്യാക്രമണത്തിലൂടെ അവരെ തുരത്തിയത് ഖില്‍ജിയായിരുന്നു. ലോകം വിറപ്പിച്ച മംഗോള്‍ പടയോട്ടത്തെ ഇന്ത്യന്‍ മണ്ണില്‍ പ്രവേശിപ്പിക്കാതെ ചെറുത്തു നിന്ന ഭരണാധികാരിയെ നമ്മുടെ ചരിത്ര പുസ്്തകങ്ങള്‍ പരിചയപ്പെടുത്താത്തതിന്റെ രാഷ്ട്രീയ കാരണം ബ്രിട്ടീഷുകാര്‍ പരുവപ്പെടുത്തിയെടുത്ത മുസ്‌ലിം വിരുദ്ധ പൊതുബോധം പൂര്‍വാധികം ശക്തിയോടെ ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നു എന്നതാണ്. അതേ പൊതുബോധമാണ് കെട്ടുകഥകളുടെ പിന്‍ബലത്തില്‍ റാണി പത്മാവതി ആത്മാഹൂതി ചെയ്യാന്‍ കാരണക്കാരനായ വ്യക്തിയായി അലാവുദ്ദീന്‍ ഖില്‍ജിയെ പ്രതിഷ്ഠിക്കുന്നത്.
അലാവുദ്ദീന്‍ ഖില്‍ജിയെയും മറ്റു ചരിത്ര വ്യക്തിത്വങ്ങളെയും കലാപരമായി വ്യത്യസ്ത ആഖ്യാനങ്ങള്‍ നല്‍കാനും അവതരിപ്പിക്കാനുമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തന്നെ അതുത്പാദിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ വിമര്‍ശനാത്മകമായി സമീപിക്കാനും കഴിയണം. പുറത്ത് വന്ന പത്മാവതി സിനിമയുടെ വിവരങ്ങളില്‍ നിന്നും മനസ്സിലാവുന്നത് പതിനാറാം നൂറ്റാണ്ടിലെ മുഹമ്മദ് ജയ്‌സിയുടെ രതന്‍സിങ്-പത്മാവതി സ്വയംവര ഇതിവൃത്തത്തേക്കാള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി ഹിന്ദു ദേശീയവാദികള്‍ സൃഷ്ടിച്ച ആഖ്യാനമാണ് സിനിമ സ്വീകരിച്ചിട്ടുള്ളത് എന്നാണ്. തങ്ങളാരാധിക്കുന്ന റാണിപത്മാവതി നൃത്തം ചെയ്യുന്ന സ്ത്രീയായിരുന്നില്ലെന്നും അതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശഠിക്കുന്ന സംഘ്പരിവാര്‍ ഭീഷണിയില്‍ മുങ്ങിപോകുന്നത് ചരിത്രത്തെ ഹൈന്ദവ-മുസ്‌ലിം സംഘട്ടനമാക്കി ചിത്രീകരിച്ചുള്ള ജനകീയ കലാരൂപങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള ഛിദ്രതകളെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ്.