kerala

ആലപ്പുഴയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച കുട്ടി മരിച്ചു

By webdesk15

July 07, 2023

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച കുട്ടി മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്ത്(15) ആണ് മരിച്ചത്.അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എങ്കഫലൈറ്റിസ് ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു.

പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ ഇടയാക്കും. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.