india

പരപ്പന അഗ്രഹാര ജയിലില്‍ മദ്യപാനം; സൂപ്രണ്ടും എഎസ്പിയും പുറത്താക്കി

By webdesk18

November 10, 2025

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ തടവുപുള്ളികള്‍ മദ്യപിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. ജയില്‍ സൂപ്രണ്ട് മാഗേരിയും എഎസ്പി അശോക് ഭജന്‍ത്രിയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. ചീഫ് ജയില്‍ സൂപ്രണ്ട് സുരേഷിനെയും സ്ഥലം മാറ്റി.

കഴിഞ്ഞയാഴ്ച പുറത്തുവന്ന ദൃശ്യങ്ങളില്‍, തടവുകാര്‍ മദ്യം കുടിച്ച് പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതുമാണ് കാണപ്പെട്ടത്. ഗ്ലാസുകളിലാക്കി മദ്യം വച്ച് ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടര്‍ന്ന്, ജയിലിനുള്ളില്‍ നിന്നുള്ള ഫോണ്‍വിളികളും ടിവി കാണുന്ന തടവുകാര്‍ക്കുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജയിലിനുള്ളിലെ ഈ ആഡംബര സൗകര്യങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാനിടയില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി പ്രഹളാദ് ജോഷിയും വിമര്‍ശനവുമായി രംഗത്തെത്തി. കര്‍ണാടകയിലെ ജയിലുകള്‍ തീവ്രവാദികളുടെ ”സ്ലീപ്പര്‍ സെല്ലുകളായി” മാറിയെന്നും തടവുകാര്‍ക്ക് ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നതായും അദ്ദേഹം ആരോപിച്ചു.