ബിസാഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യ പ്രതികള്‍ക്കും ജാമ്യം. കൊലക്കേസ് പ്രതിയായ പുനിത് ആണ് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മറ്റൊരു പ്രതിയായ അരുണിന് ഏപ്രില്‍ ആറിന് ജാമ്യം ലഭിച്ചിരുന്നു. പുനിതിന് ദാദ്രിയില്‍ വന്‍ സ്വീകരണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2015 സെപ്തംബറില്‍ പശുമാംസം കഴിച്ചുവെന്ന പേരില്‍ അഖ്‌ലാഖിനെയും മകന്‍ ദാനിഷിനെയും വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അഖ്‌ലാഖ് സംഭവ സ്ഥലത്ത് മരിക്കുകയും ദാനിഷിന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവിന്റെ മകന്‍ അടക്കം 12 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പുനിതിന് കൂടി ജാമ്യം ലഭിച്ചതോടെ കേസിലെ പ്രതികള്‍ എല്ലാം പുറത്തിറങ്ങി.

കേസില്‍ ബി.ജെ.പി തുടക്കം മുതല്‍ പ്രതികള്‍ക്കു വേണ്ടി രംഗത്തുണ്ടായിരുന്നു. 2015 ഒക്ടോബറില്‍ ദാദ്രി സന്ദര്‍ശിച്ച യു.പി ബി.ജെ.പി നേതാവ് സംഗീത് സോം ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

കൊലപാതകത്തിനു ശേഷം അഖ്‌ലാഖിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്യുന്ന അഖ്‌ലാഖിന്റെ ഇളയ മകന്‍ സര്‍താജിന്റെ താമസ സ്ഥലത്താണ് കുടുംബം ഇപ്പോഴുള്ളത്.