കൊച്ചി: മൂന്ന് മാസം മുമ്പ് തമിഴ്‌നാട് നാഗര്‍കോവിലില്‍ നിന്ന് കാണാതായ 39 വയസ്സുള്ള വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി. ഫെബ്രുവരി ഒന്നിന് രാത്രി 10 മണിയോടെ വൈറ്റില ഹബ്ബില്‍ ഇരുന്ന് കരയുന്ന യുവതിയെ കണ്ട നാട്ടുകാരാണ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതിക്ക് സ്വന്തം പേരും മുമ്പ് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമാണ് ഓര്‍മയുണ്ടായിരുന്നത്. പിന്നീട് കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിച്ചു.
വനിതാ സ്റ്റേഷന്‍ എസ്.ഐ. സിബി കെ. ദാസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ശര്‍മിളയും സി.പി.ഒമാരായ അമൃത, വീണ എന്നിവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, യുവതി താമസിച്ചിരുന്ന സൗത്ത് ജനതാ റോഡിലെ പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവ കണ്ടെത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണില്‍ നിന്ന് ലഭിച്ച മറ്റൊരു നമ്പറിലൂടെ ബന്ധപ്പെടുകയായിരുന്നു. അത് യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞതാണെന്ന് അദ്ദേഹം അറിയിക്കുകയും, യുവതിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ പൊലീസിന് കൈമാറുകയും ചെയ്തു.
മാതാപിതാക്കളുമായി ബന്ധപ്പെടുമ്പോഴാണ്, മൂന്ന് മാസം മുന്‍പ് ഡോക്ടറെ കാണാതായതായി നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് വ്യക്തമായത്. നാലു ദിവസം മുന്‍പ് തമിഴ്‌നാട് പൊലീസ് കൊച്ചിയില്‍ എത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയിരുന്നു. സിറ്റി പൊലീസിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസും മാതാപിതാക്കളും കൊച്ചിയിലെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.