News

ഇനി ഉണ്ടാവുക ഫോട്ടോയും ക്യുആര്‍ കോഡും മാത്രം; അടിമുടി മാറ്റവുമായി ആധാര്‍ കാര്‍ഡ്

By Manya

February 19, 2026

ന്യുഡല്‍ഹി: പേര്, ജനനതിയതി, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ കാര്‍ഡില്‍ ഉള്ളത് പലപ്പോഴും സുരക്ഷ വീഴ്ചക്ക് കാരണമാവുന്നുണ്ട്. ഈ സാഹചര്യം തണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ). കാര്‍ഡുകളില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഉണ്ടാവില്ല. പുതിയ കാര്‍ഡില്‍ ഫോട്ടോയും ഒരു ക്യുആര്‍ കോഡും മാത്രമാണ് ഉണ്ടാവുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപയോഗിക്കാനും കാര്‍ഡ് ഉടമയുടെ അനുമതി ആവശ്യമായിരിക്കും.

മറ്റൊരാളുടെ പേരും വിലാസവും ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളും സിം കാര്‍ഡ് തട്ടിപ്പുകളും പുതിയ കാര്‍ഡ് വരുന്നതോടെ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കണോ എന്ന സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും യുഐഡിഐയില്‍ നിന്ന് ഉണ്ടായിട്ടില്ല.

യുഐഡിഐ പുതിയ ആധാര്‍ ആപ്പും അടുത്താണ് പുറത്തിറക്കിയത്. നിരവധി ഫീച്ചറുകളാണ് ആധാര്‍ ആപ്പില്‍ നല്‍കിയിരുന്നത്. വിരലടയാളവും ഫേസ് റെക്കഗനൈസേഷനും ഉപയോഗിച്ച് സുരക്ഷിതമാക്കാന്‍ കഴിയുന്ന ആധാര്‍ ആപ്പ് ഉപയോഗിച്ച് വിലാസം പുതുക്കാനും സാധിക്കും. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ആധാര്‍ വിവരങ്ങളും ആധാര്‍ ആപ്പില്‍ സൂക്ഷിക്കാം.