ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചതായി ആരോപിക്കപ്പെടുന്ന പള്ളി, വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് തടയണമെന്ന ആവശ്യമുന്നയിച്ച് പള്ളി കമ്മിറ്റി സമര്‍പ്പിച്ച അടിയന്തര ഹരജിയെ അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞു.
ജസ്റ്റിസ് ദിനേശ് പഥക്കിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് ഹരജി തള്ളിയത്. ഇരുപക്ഷങ്ങളുടെ വാദങ്ങള്‍ കേട്ട കോടതി അടിയന്തര സ്റ്റേ ആവശ്യം നിരാകരിക്കുകയും, ആവശ്യമായ നടപടികള്‍ക്കായി കീഴ്‌ക്കോടതിയെ സമീപിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി.
സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണം നടത്തിയെന്നാരോപിച്ച് ഭരണകൂടം പള്ളിക്ക് നോട്ടീസ് നല്‍കി നാല് ദിവസത്തെ സമയം അനുവദിച്ചിരുന്നു. സമയപരിധി കഴിയുന്നതിന് മുമ്പ് തന്നെ കമ്മിറ്റിയംഗങ്ങള്‍ മതിലിന്റെ ചില ഭാഗങ്ങള്‍ സ്വയം പൊളിച്ചു തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദസറ ദിനത്തില്‍ 200-ത്തിലധികം പൊലീസിന്റെ സാന്നിധ്യത്തില്‍ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് വിവാഹ മണ്ഡപം പൊളിച്ചുമാറ്റിയതായും പ്രദേശവാസികള്‍ ആരോപിച്ചു. ഭൂമിയുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ രേഖകള്‍ ഹരജിക്കാര്‍ സമര്‍പ്പിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, എഡിഎം, തഹസില്‍ദാര്‍, ഗ്രാമസഭ എന്നിവരെ ഹരജിയില്‍ കക്ഷികളാക്കിയിരുന്നു.