kerala

ചികിത്സാ പിഴവ് ആരോപണം: പരിയാരം മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

By webdesk17

January 20, 2025

കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് ചികിത്സാ പിഴവെന്ന ആരോപണത്തില്‍ പൊലീസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് പരിശോധിച്ച ഡോക്ടര്‍, നഴ്‌സിങ് സ്റ്റാഫുകള്‍ക്കെതിരെ കേസെടുത്തത്. കുഞ്ഞിന്റെ ദേഹത്ത് സൂചി കുടുങ്ങിയെന്നായിരുന്നു അരോപണം. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.

2024 ഡിസംബര്‍ 24ന് ജനിച്ച നവജാത ശിശുവിന് അടുത്ത ദിവസം ഹെപ്പറ്റയ്റ്റിസ് വാക്‌സിനേഷന്‍ കൊടുക്കുന്നതിനിടെ ഡോക്ടറുടെയും നഴ്‌സിന്റെയും ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചുവെന്നാണ് പരാതി. വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ച സൂചി കുട്ടിയുടെ തുടയില്‍ കുടുങ്ങിയെന്നാണ് കുടുംബം ആരോപിച്ചത്. കുട്ടി വേദന പ്രകടിപ്പിച്ചതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ സൂചി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ക്കും സ്റ്റാഫിനുമെതിരെയാണ് ബിഎന്‍എസ് 125 (മ) പ്രകാരം കേസെടുത്തത്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.

അതേസമയം വാക്‌സിന്‍ നല്‍കുന്നതിന് ഇത്തരം സൂചികള്‍ ഉപയോഗിക്കാറില്ലന്നാണ് മെഡിക്കല്‍ കോളജ് നല്‍കുന്ന വിശദീകരണം.