കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ വടകര സ്വദേശിനി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.
ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളില്ലെന്നതാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിശദീകരണം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്നാരോപിച്ച് ഷിംജിത യുവാവിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് കെ. കന്യക സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ആത്മഹത്യാ കേസിൽ ഷിംജിതയെ അറസ്റ്റ് ചെയ്തു.
ഒളിവിലായിരുന്ന ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്. ദീപക്കിനെ ഉൾപ്പെടുന്ന ഏഴ് വിഡിയോകൾ ഷിംജിതയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിന് പിന്നാലെ ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് ഷിംജിതയുടെ സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ, തന്റെ മുഖം അനുമതിയില്ലാതെ ചിത്രീകരിച്ചതായി ആരോപിച്ച് ബസ് യാത്രക്കാരിയും കണ്ണൂർ സ്വദേശിനിയുമായ പെൺകുട്ടിയും ഷിംജിതയ്‌ക്കെതിരെ പരാതി നൽകി. ഷിംജിത പകർത്തിയ ദീപക്കിന്റെ വിഡിയോയിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നതായും, വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു.