കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്നമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
എന്നാല്‍ ബസില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുവതി. ഇതേ നിലപാട് കോടതിയിലും സ്വീകരിക്കും. അതേസമയം സംഭവം നടന്ന ബസിലെ സിസിടിവിയില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം.
യുവതിയുടെ പേരില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷിംജിതയുടെ സഹോദരനാണ് പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ഇ-മെയില്‍ വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്.
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ സഹിതം ഷിംജിത സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെ ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷിംജിതയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
അതേസമയം യുവതിയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ബസില്‍വെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.