News

ഉപരോധം ലംഘിച്ചെന്നാരോപണം; യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലിലെ മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു

By webdesk17

January 13, 2026

ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയെന്നാരോപണത്തില്‍ അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലായ മറിനേര (ബെല്ല-1) ലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ യുഎസ് അധികൃതര്‍ വിട്ടയച്ചു. ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി സെര്‍ജിയോ ഗോര്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് നടപടി.

കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പുറമേ 17 യുക്രെയ്‌നുകാര്‍, രണ്ട് റഷ്യക്കാര്‍, ആറ് ജോര്‍ജിയക്കാര്‍ എന്നിവരുമുണ്ടായിരുന്നു. ആഴ്ചകളോളം പിന്തുടര്‍ന്ന ശേഷമാണ് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. പിടിച്ചെടുക്കല്‍ നടപടിയില്‍ ബ്രിട്ടീഷ് സൈന്യം യുഎസിന് പിന്തുണ നല്‍കി. ഇറാനുമായുള്ള എണ്ണ ഇടപാടുകള്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതെന്നാരോപണത്തിലാണ് ബെല്ല-1 എന്ന കപ്പല്‍ ലക്ഷ്യമാക്കപ്പെട്ടത്.

അടുത്തിടെയാണ് കപ്പലിന്റെ പേര് മറിനേര എന്നാക്കി മാറ്റിയത്. ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പല്‍ ആയിരുന്നെങ്കിലും പിടിച്ചെടുക്കുമ്പോള്‍ കപ്പല്‍ കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമേ, കരീബിയന്‍ കടലില്‍ വെനസ്വേലന്‍ എണ്ണയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മറ്റൊരു കപ്പലും യുഎസ് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു