kerala

ആമയിഴഞ്ചാൻ തോട് അപകടം; കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

By webdesk14

July 15, 2024

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.