india

അംബേദ്കര്‍ പരാമര്‍ശം; അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്‍ ഗാന്ധി

By Lubna Sherin K P

December 19, 2024

ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ്. വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബിജെപി പിന്തിരിയണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് നുണയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനി വിഷയത്തില്‍ 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണെന്നും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.