കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി അനാറുല്‍ ഇസ്ലാം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന് ജയിലില്‍ കഴിയുന്ന അമീറുല്‍ ഇസ്ലാം കോടതിയില്‍ മൊഴി നല്‍കിയതായി ഓണ്‍ലൈന്‍ മാധ്യമമായ ‘ഇ വാര്‍ത്ത’ റിപ്പോര്‍ട്ട് ചെയ്യുന്നു. അമീറുലിന്റെ അഭിഭാഷകന്‍ ബി.എ ആളൂരാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

അമീറുള്‍ ഇസ്ലാം ആളൂര്‍ വഴി നവംബര്‍ എട്ടാം തീയതി എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലാണു പരാമര്‍ശമുള്ളത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് എസ്.പി ഉണ്ണി രാജയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ അനാറുള്‍ ഇസ്ലാം എന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് അമീറിന്റെ മൊഴി. ഇതിന്റെ പകര്‍പ്പ് കയ്യിലുണ്ടെന്ന് ഓണ്‍ലൈന്‍ മാധ്യമം അവകാശപ്പെടുന്നു. 2016 ജൂണ്‍ 13നു തന്നെ കാഞ്ചീപുരത്തുനിന്നും അറസ്റ്റ് ചെയ്ത ശേഷം ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചു ചോദ്യം ചെയ്തുവെന്നും അപ്പോള്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനാറുള്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരില്‍ ഒരാള്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം താങ്ങാനാകാതെ മരണമടഞ്ഞു എന്നുമാണു മൊഴിയില്‍ പറയുന്നത്.

‘എസ്.പി. ഉണ്ണിരാജയും, ഈ കേസിലെ 94ആം സാക്ഷിയും ഏതോ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം എന്നില്‍ നിന്നും രക്തസലൈവ സാമ്പിളുകള്‍ ശേഖരിക്കുകയും അതിനുശേഷം ആലുവ പോലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും എനിക്കറിയാത്ത കാര്യങ്ങള്‍ ചില സാക്ഷികള്‍ പറഞ്ഞുവെന്ന കാരണത്താല്‍ എന്നെയും എന്റെ ചില കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തിട്ടുള്ളതും 11ഉം, 13ഉം സാക്ഷികളുടെ മുന്നില്‍ വെച്ചും മറ്റു ചില സുഹൃത്തുക്കളുടെ മുന്നില്‍ വെച്ചും, കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടയില്‍ അതിലൊരാള്‍ മരണപ്പെടുകയും അതുപോലെ എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി എല്ലാം ഞാന്‍ സമ്മതിച്ചു കൊള്ളാമെന്നു പറഞ്ഞിട്ടുള്ളതാണ്’ -അമീറുള്‍ ഇസ്ലാം തന്റെ മൊഴിയില്‍പ്പറയുന്നു.

ഇതില്‍പ്പറയുന്ന പതിനൊന്നാം സാക്ഷി പശ്ചിമബംഗാള്‍ സ്വദേശിയായ ഉജ്വല്‍ ആണു. പതിമൂന്നാം സാക്ഷി അനന്ദ് ഷേക്ക് എന്നയാളാണു.അനാറുള്‍ ഇസ്ലാമും ഹര്‍ദത്ത് ബറുവയും തന്റെ കൂട്ടുകാര്‍ ആയിരുന്നെന്നും ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയെന്ന് അറിവ് ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ നാടുവിട്ടതെന്നും അമീര്‍ തന്റെ മൊഴിയില്‍ പറയുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അനാറുള്‍ ഇസ്ലാമിന്റെ മൃതദേഹം പോലീസ് ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണു ആളൂരിന്റെ ഭാഗം.