Film

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

By webdesk13

February 03, 2024

അമേരിക്കന്‍ നടനും സംവിധായകനുമായിരുന്ന കാള്‍ വെതേഴ്‌സ് (76) അന്തരിച്ചു. മരണ കാരണം പുറത്തുവിട്ടില്ലെങ്കിലും വ്യാഴാഴ്ച ഉറക്കത്തിലായിരുന്നു അന്ത്യമെന്ന് കുടുംബം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 75ല്‍ അധികം സിനിമകളിലും നിരവധി ടിവി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

1948ല്‍ ന്യൂഓര്‍ലിയന്‍സിലാണ് വെതേഴ്‌സ് ജനിച്ചത്. സാന്‍ ഡിയെഗൊ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഫുട്‌ബോള്‍ കളിക്കാരനായാണ് കരിയര്‍ തുടങ്ങിയത്. അവിടെ തിയറ്റര്‍ ആക്ടിങ് ആണ് പഠിച്ചത്. 1970ല്‍ ഓക്ലന്‍ഡ് റെയ്‌ഡേഴ്‌സില്‍ ചേര്‍ന്നു.

റോക്കി, പ്രെഡേറ്റര്‍, ആക്ഷന്‍ ജാക്‌സന്‍ തുടങ്ങിയ സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് ശ്രദ്ധേയനായത്. ഡിസ്‌നിയുടെ സ്റ്റാര്‍ വാര്‍സ് പരമ്പയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2021ല്‍ എമ്മി അവാര്‍ഡിന് ശുപാര്‍ശ നേടിയിരുന്നു.