Film

ഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി

By Lubna Sherin K P

January 27, 2026

വാഷിംഗ്ടണ്‍: ഇസ്രാഈലിന്റെ കൂരതകള്‍ക്കിടയില്‍ ഗസ്സയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ച് ‘അമേരിക്കന്‍ ഡോക്ടര്‍’. സംവിധായിക പോ സി തെങ് (Poh Si Teng) ഒരുക്കിയ ഈ ഡോക്യുമെന്ററി, വംശഹത്യയുടെ ഭീകരതയും ഗസ്സയിലെ സാധാരണക്കാരുടെ ദുരവസ്ഥയും തുറന്നുകാട്ടുന്നതാണ്.

‘ഇത് ഞങ്ങളുടെ നികുതിപ്പണം ചെയ്ത ക്രൂരത’, കൊല്ലപ്പെട്ട ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ വികൃതമായ മൃതദേഹങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായിക വിമുഖത കാണിച്ചപ്പോള്‍, ജൂത വംശജനായ അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്ക് പെര്‍ല്‍മുട്ടര്‍ നല്‍കിയ മറുപടി ഡോക്യുമെന്ററിയുടെ ആമുഖത്തില്‍ തന്നെയുണ്ട്. ‘ഈ ക്രൂരതകള്‍ കാണിക്കാതിരിക്കുന്നത് അവരോട് ചെയ്യുന്ന അനാദരവാണ്. നമ്മുടെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച ആയുധങ്ങളാണ് ഈ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയത്. ലോകം ഈ സത്യം അറിയണം. അത് മറച്ചുവെക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിലെ വീഴ്ചയാണ്,’ എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്.

മാര്‍ക്ക് പെര്‍ല്‍മുട്ടര്‍ ഉള്‍പ്പെടെയുള്ള മൂന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ ഗസ്സയിലെ തകര്‍ന്നടിഞ്ഞ ആശുപത്രികളില്‍ ഫലസ്തീന്‍ ഡോക്ടര്‍മാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. അറ്റുപോയ അവയവങ്ങളും മാരകമായ മുറിവുകളുമായി എത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ വേദന ഇതില്‍ കാണാം.

ഇസ്രാഈലിന്റെ കര്‍ശനമായ ഉപരോധം കാരണം ജീവന്‍രക്ഷാ മരുന്നുകളും ആന്റിബയോട്ടിക്കുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഡോക്ടര്‍മാര്‍ക്ക് രഹസ്യമായി ഗസ്സയിലേക്ക് കടത്തേണ്ടി വന്നു. എന്നാല്‍ പലപ്പോഴും ഇസ്രാഈല്‍ അധികൃതര്‍ ഇവരെ അതിര്‍ത്തിയില്‍ തടയുന്നതായും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്.

ഇസ്രാഈല്‍ സൈന്യം ആശുപത്രികളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളുടെ ഭീകരത ചിത്രം വിവരിക്കുന്നുണ്ട്. 2025 ഓഗസ്റ്റില്‍ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ നടത്തിയ സ്‌ഫോടനത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ എത്തുമ്പോള്‍ വീണ്ടും സ്‌ഫോടനം നടത്തുന്നതാണ് ചിത്രീകിച്ചിരിക്കുന്നത്.

അതേസമയം ആശുപത്രികള്‍ക്കുള്ളില്‍ ഹമാസ് ഒളിച്ചിരിക്കുന്നു എന്ന ഇസ്രാഈലിന്റെ വാദങ്ങളെ ഈ ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നു. പരിക്കേറ്റ നിസ്സഹായരായ മനുഷ്യരെയാണ് തങ്ങള്‍ അവിടെ കണ്ടതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വാഷിംഗ്ടണിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ ഡോക്ടര്‍മാര്‍ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.