india

അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരം; പ്രിയങ്ക ഗാന്ധി

By webdesk13

December 20, 2024

പാര്‍ലമെന്റ് വളപ്പില്‍ വെച്ച് നടന്ന സംഘര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.

‘അവര്‍ വളരെ നിരാശരാണ്. തെറ്റായ എഫ്‌ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവന്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെ അവര്‍ ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ശില്‍പ്പിയോട് ആത്മാര്‍ഥതയില്ലായ്മ പുലര്‍ത്തുന്നുവെന്നും അവര്‍ ആരോപിച്ചു. ‘അംബേദ്കര്‍ ജി യോടുള്ള അവരുടെ വികാരം പുറത്തുവന്നിട്ടുണ്ട്.’ ഇപ്പോള്‍ ഞങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നതുകൊണ്ട് അവര്‍ പ്രതിപക്ഷത്തെ ഭയപ്പെടുകയാണ്. ദേശീയ താല്‍പര്യം ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു’ പ്രിയങ്കഗാന്ധി കൂട്ടിച്ചേര്‍ത്തു.