ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകരുമായി ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ഉടന്‍ ചര്‍ച്ച നടത്താം. പ്രക്ഷോഭം നടത്താന്‍ പൊലീസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം ദിവസത്തിലെത്തുമ്പോള്‍ പ്രക്ഷോഭം രൂക്ഷമാവുകയാണ്. പൊലീസ് നിര്‍ദേശം അനുസരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ബുറാഡി നിരങ്കരി മൈതാനത്ത് പ്രതിഷേധത്തിനെത്തിയെങ്കിലും സിംഗു അതിര്‍ത്തിയിലെ കര്‍ഷകര്‍ അവിടെ തന്നെ തുടരുന്നു.

ജന്തര്‍ മന്തറിലോ രാംലീല മൈതാനത്തോ പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു വര്‍ഷം ഇവിടെ തുടരേണ്ടി വന്നാലും നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന് കര്‍ഷകര്‍ പറയുന്നു.