Culture

‘മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുത്’; അംഗങ്ങള്‍ക്ക് താക്കീത് നല്‍കി ‘അമ്മ’

By chandrika

July 29, 2018

കൊച്ചി: താരസംഘടന അമ്മയില്‍ താരങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി അപഹാസ്യരാവരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പുറത്ത് പരാതി പറയുന്നത് സംഘടനക്ക് ദോഷം ചെയ്യുന്നുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, നാല് നടിമാരുടേയും രാജിക്കത്ത് കിട്ടിയെന്നും സര്‍ക്കുലര്‍ സ്ഥിരീകരിച്ചു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ചത്.

അടുത്തമാസം ഏഴിന് നടക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് അമ്മ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അമ്മക്കെതിരെ പരാതിപ്പെട്ട ജോയ് മാത്യുവിനേയും ഷമ്മി തിലകനേയും ഈ ചര്‍ച്ചയിലേക്ക് വിളിച്ചിട്ടുണ്ട്.