kerala

അമീബിക് മസ്തിഷ്‌കജ്വരം; ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 97 പേര്‍ക്ക്

By webdesk17

October 08, 2025

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 97 ആയതായി ആരോഗ്യവകുപ്പ്. അതില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കേരളത്തില്‍ മരണം നിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.

ഒരാഴ്ചയ്ക്കിടെ 9 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിന് കൊല്ലം ഇടവട്ടം സ്വദേശിയായ 63 വയസ്സുകാരനും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് കൊല്ലം സ്വദേശിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരുവനന്തപുരം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

ഒഴുക്കില്ലാത്ത കുളങ്ങളില്‍ കുളിച്ചവര്‍ക്ക് രോഗം വരുന്നതെന്നാണ് ആരോഗ്യവകുപ്പ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.