ബെംഗളൂരു: ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ 18കാരന്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി മൂന്നിന് രാമമൂര്‍ത്തി നഗറിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് 34 വയസ്സുള്ള ശര്‍മിള ഡി.കെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തില്‍, യുവതിയുടെ വീടിന് സമീപം താമസിച്ചിരുന്ന കര്‍ണല്‍ കുറൈ എന്ന 18കാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകളും സാങ്കേതിക തെളിവുകളും ഉപയോഗിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ജനുവരി മൂന്നിന് രാത്രി ഒന്‍പത് മണിയോടെ ലൈംഗികാതിക്രമം ലക്ഷ്യമിട്ട് സ്‌ലൈഡിങ് വിന്‍ഡോയിലൂടെ യുവതിയുടെ വീട്ടില്‍ കയറിയതായാണ് പ്രതിയുടെ മൊഴി. ആക്രമണ ശ്രമം യുവതി ചെറുത്തതോടെ, അവളുടെ വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചതായി പ്രതി പറഞ്ഞു. ഇതോടെ യുവതി അര്‍ധബോധാവസ്ഥയിലാവുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.
തെളിവുകള്‍ നശിപ്പിക്കാനായി യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാമഗ്രികളും കിടക്കയില്‍വെച്ച് പ്രതി തീയിട്ടതായും തുടര്‍ന്ന് സംഭവസ്ഥലത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൊബൈല്‍ഫോണും പ്രതി കൈക്കലാക്കി.