kerala

കലോത്സവം കലക്കാനുള്ള ശ്രമം; പോലീസിനെ കൂട്ടുപിടിച്ച് സി.പി.എം – ഡി.വൈ.എഫ.ഐ ആക്രമണം

By webdesk17

February 25, 2025

വളാഞ്ചേരി: മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം കലക്കാന്‍ പ്രാദേശിക സിപിഎം ഒത്താശയോടെ ഡി.വൈ.എഫ്ഐ -എസ്.എഫ്.ഐ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും മുന്‍ എസ്.എഫ്.ഐ നേതാവുമായ കെ.ഇ സക്കീറിന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ക്യാമ്പസിനകത്ത് കയറി സംഘാടക സമിതി ഓഫീസ് അടിച്ചു തകര്‍ത്ത സംഘം കണ്ണില്‍ കണ്ടെവരെയെല്ലാം അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു. വടിയും കല്ലുമടങ്ങുന്ന ആയുധങ്ങളുമായാണ് സംഘം എത്തിയത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദില്‍, സംസ്ഥാന കമ്മിറ്റിയംഗം എം.സുജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എട്ടോളം കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് തലക്കും കൈയിനും പരിക്കുപറ്റി. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം. യൂണിയന്‍ ഓഫീസ് തകര്‍ക്കുമ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും പരാതി ഉയര്‍ന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപ്പെട്ട എസ്.എഫ്.ഐ തുടക്കം മുതല്‍ യൂണിവേഴ്സിറ്റി യൂണിയന്റെ ഓരോ പരിപാടികളും കലക്കാനുള്ള ശ്രമം നടത്തിയിരുന്നു. സോണല്‍ കലോത്സവങ്ങളിലെല്ലാം എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിട്ട് അലങ്കോലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ച ഇന്റര്‍സോണ്‍ കലോത്സവത്തിലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര പോലീസ് കാമ്പസിലെത്താത്തത് അക്രമകാരികള്‍ക്ക് തണലായി. രണ്ടു മണിക്കൂറോളം കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷിച്ചാണ് അക്രമകാരികള്‍ മടങ്ങിയത്. പോലീസിന്റ കണ്‍മുന്നില്‍ ആക്രമണം നടത്തിയിട്ടും തടയാനോ അക്രമകാരികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. കലോത്സവം നല്ല രീതിയില്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഇനിയും വരുമെന്നും ഭീഷണി മുഴക്കിയാണ് സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘം മടങ്ങിയത്. നേരത്തെ സോണ്‍ മത്സരം തടസ്സപ്പെടുത്തി നിര്‍ത്തിവെച്ചപ്പോള്‍ ഇനി നടത്തിക്കാന്‍ സമ്മതിക്കില്ലെന്നത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനമാണെന്നുള്ളത് എസ്.എഫ്.ഐ നേതാവിന്റെ വോയ്സ് അടക്കം പുറത്ത് വന്നിരുന്നു.

വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി ചെറുക്കും; സംഘാടക സമിതി

മലപ്പുറം: കലോത്സവം നല്ല രീതിയില്‍ മുന്നേറുന്നതില്‍ കലിപൂണ്ട് എസ്.എഫ്.ഐയുടെ നിര്‍ദേശപ്രകാരം പ്രാദേശിക സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ കാമ്പസില്‍ അഴിഞ്ഞാടുകയായിരുന്നെന്നും വിദ്യാര്‍ത്ഥികളെ ആക്രമിച്ചും കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സഫ്വാന്‍ പത്തില്‍, ഭാരവാഹികളായ അഷ്ഹര്‍ പെരുമുക്ക്, ശറഫുദ്ധീന്‍ പിലാക്കല്‍, വി.എ.വഹാബ് എന്നിവര്‍ പറഞ്ഞു. പ്രശ്നം ഉണ്ടാക്കി കലോത്സവം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പോലീസും ഇതിന് കൂട്ടുനി്ല്‍ക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ആക്രമണം ചെറുക്കും. മികച്ച രീതിയില്‍ തന്നെ കലോത്സവം പൂര്‍ത്തിയാക്കും. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപെട്ടതുമുതല്‍ എസ്.എഫ്.ഐക്ക് കലിതുള്ളി നടക്കുകയാണ്. ഈ ദേഷ്യമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേരെ തീര്‍ക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.