kerala

മലപ്പുറത്ത് മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാടുകയറിയ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

By webdesk17

February 18, 2025

മലപ്പുറം ചുങ്കത്തറയില്‍ മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാടുകയറിയ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയതായിരുന്നു വയോധിക. തിരികെ കാണാത്തതിനെ തുടര്‍ന്ന് പിന്നീട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു.

വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം.

പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.