100 കോടി ക്ലബ് പിന്നിട്ട ‘സര്‍വ്വം മായ’ യുടെ സെന്‍സറിങ്ങിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അഖില്‍ സത്യന്‍. ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ഒരു ജീവനക്കാരിയുടെ കണ്ണ് നിറഞ്ഞിരുന്നുവെന്നും, അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും അഖില്‍ വെളിപ്പെടുത്തി.
അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. അഭിമുഖത്തില്‍ ചിത്രത്തില്‍ പ്രഭേന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയും, ഡെലൂലുവായെത്തിയ റിയ ഷിബുവും, സാധ്യ എന്ന കഥാപാത്രമായെത്തിയ പ്രീതി മുകുന്ദനും പങ്കെടുത്തു.
സെന്‍സറിങ്ങിന് എത്തുമ്പോള്‍ താന്‍ ഏറെ ഭയന്നിരുന്നുവെന്ന് അഖില്‍ പറഞ്ഞു. സെന്‍സര്‍ ഓഫീസര്‍ വളരെ സീരിയസ് ആയ ആളാണെന്നായിരുന്നു മുന്‍കൂട്ടി കേട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അകത്ത് കയറുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യം ഫോണ്‍ വാങ്ങിവെക്കലാണ്. ഫോണ്‍ വാങ്ങിയ സ്റ്റാഫിന്റെ കണ്ണ് നിറഞ്ഞിരുന്നു. പുള്ളിക്കാരി പടം മുഴുവന്‍ കണ്ടിരുന്നു’ അഖില്‍ ഓര്‍ത്തെടുത്തു.
ആ നിമിഷം തന്നെ തനിക്ക് വലിയ ധൈര്യം ലഭിച്ചതായും അഖില്‍ പറഞ്ഞു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ചിത്രം കണ്ടുവെന്നും, സെന്‍സര്‍ ഓഫീസര്‍ ചിത്രത്തിലെ ഓരോ ഘടകത്തെക്കുറിച്ചും, പ്രത്യേകിച്ച് സാധ്യ എന്ന കഥാപാത്രത്തെക്കുറിച്ചും വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നിവിനെ വിളിച്ചു. ഇത്രയും പേടിച്ചുപോയ അവസ്ഥ മുഴുവന്‍ മാറിയത് അപ്പോള്‍ ആയിരുന്നു. അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഒരു സെന്‍സര്‍ ഓഫീസര്‍ പറയുമ്പോള്‍ കിട്ടുന്ന ധൈര്യം വലുതാണ്. അവിടെ നിന്നാണ് നമ്മള്‍ ശരിയായ ദിശയിലാണെന്ന് ഉറപ്പായത്’ അഖില്‍ കൂട്ടിച്ചേര്‍ത്തു.